2024 ജൂലൈയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനമായി റഷ്യ സന്ദർശിച്ചത്
ന്യൂഡൽഹി: റഷ്യൻ സന്ദർശനം ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെയും തുടർന്നുള്ള സംഭവ വികാസങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം. മേയ് ഒമ്പതിന് മോസ്കോയിൽ നടക്കുന്ന ‘വിക്ടറി പരേഡി’ൽ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. റഷ്യയുടെ രണ്ടാം ലോക മഹായുദ്ധത്തിലെ വിജയാഘോഷ ദിനത്തിലെ വിക്ടറി പരേഡിലേക്കാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത്. വിക്ടറി പരേഡിൽ മോദി പങ്കെടുത്തേക്കുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു.
പ്രധാനമന്ത്രിക്ക് പകരം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് റഷ്യയിലെ പരിപാടിയിൽ പങ്കെടുക്കും. രണ്ടാം ലോകമഹായുദ്ധത്തില്‍ നാസി ജര്‍മ്മനിക്കെതിരായ വിജയത്തിന്റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് റഷ്യയിലെ പരിപാടി. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് ഉള്‍പ്പെടെയുളള ലോകനേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നരേന്ദ്രമോദിയും പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. 2024 ജൂലൈയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനമായി റഷ്യ സന്ദർശിച്ചത്. ഈ സന്ദർശനത്തിൽ വെച്ച് പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി സുപ്രധാന ചർച്ച നടത്തിയിരുന്നു. കൂടാതെ പുടിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
