ഭീകരരും അവരുടെ സംഘടനയുടെയും ‘ഇലക്ട്രോണിക്ക് ഒപ്പ്’ അടക്കമുള്ളവ പാകിസ്താനിലും സ്ഥിരം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ പാകിസ്താൻ തന്നെയെന്നതിന് തെളിവുകൾ ശേഖരിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകനേതാക്കളുമായി ഇക്കാര്യം നേരിട്ട് പങ്കുവെക്കുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.ഇന്റലിജൻസ് തെളിവുകളും വിശ്വസനീയമായ ചില തെളിവുകളും ഉൾപ്പെടെയുള്ളവയാണ് ഇന്ത്യ ശേഖരിച്ചിട്ടുള്ളത്. ആക്രമണം നടത്തിയ ഭീകരരെ കണ്ടാൽ അറിയാവുന്നവരുടെയടക്കം മൊഴികൾ ഇന്ത്യ ശേഖരിച്ചിട്ടുണ്ട്. ഭീകരരും അവരുടെ സംഘടനയുടെയും ‘ഇലക്ട്രോണിക്ക് ഒപ്പ്’ അടക്കമുള്ളവ പാകിസ്താനിലും സ്ഥിരം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഭീകരർ പരിശീലനം നേടിയത് പാകിസ്താനിലാണെന്നും, അവർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ആക്രമണം നടത്തുകയായിരുന്നു എന്നതിനുള്ള തെളിവുകളും ഇന്ത്യ ശേഖരിച്ചിട്ടുണ്ട്.
അതേസമയം, പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും ഭീകരരുടെ വീടുകൾ സുരക്ഷ സേന തകർത്തു. ജെയ്ഷ് ഇ മൊഹമ്മദ് ഭീകരൻ അഹ്സാൻ ഉൽ ഹക്ക്, ലഷ്കർ ഇ ത്വയ്ബ ഭീകരൻ ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് സുരക്ഷ സേന തകർത്തത്. അഹ്സാൻ ഉൽ ഹക്ക് ജെയ്ഷെ മുഹമ്മദിന്റെ പുൽവാമയിലെ മുറാനിലെ വീടും, ഹാരിസ് അഹമ്മദിൻ്റെ പുൽവാമയിലെ കച്ചിപോറയിലെ വീടുമാണ് സുരക്ഷാ സേന തകർത്തത്.
