ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി സിന്ധു നദീജല കരാർ മരവിപ്പിച്ച കേന്ദ്ര സർക്കാർ നീക്കത്തെ അഭിനന്ദിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. അതേസമയം വെള്ളം എവിടെ സംഭരിക്കുമെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര സർക്കാർ എടുക്കുന്ന ഏതു തീരുമാനത്തെയും പിന്തുണയ്ക്കുമെന്നും ഇതൊരു രാഷ്ട്രീയ പ്രശ്നമല്ലെന്നും സർവകക്ഷി യോഗത്തിൽ പങ്കെടുത്ത ശേഷം ഉവൈസി പറഞ്ഞു.
അന്നേ മോദി പറഞ്ഞു രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല; എന്താണ് സിന്ധു നദീജല ഉടമ്പടി?; ഇത് നിർത്തലാക്കിയാല് എന്തു സംഭവിക്കും?
സുരക്ഷാ കാര്യ സമിതി യോഗത്തിലെടുത്ത തീരുമാനങ്ങളെ അദ്ദേഹം പ്രശംസിച്ചു. പാക്കിസ്ഥാനെതിരെ കർശന നടപടി സ്വീകരിക്കണം. ഭീകര സംഘടനകൾക്ക് അഭയം നൽകുന്ന രാജ്യത്തിനെതിരെ കേന്ദ്ര സർക്കാരിനു നടപടിയെടുക്കാൻ സാധിക്കും. പാക്കിസ്ഥാനെതിരെ വ്യോമ, നാവിക ഉപരോധം ഏർപ്പെടുത്താനും ആയുധ വിൽപന നിർത്തലാക്കാനും രാജ്യാന്തര നിയമം തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘ബൈസരൺ താഴ്വരയിൽ സിആർപിഎഫിനെ എന്തുകൊണ്ട് വിന്യസിപ്പിച്ചില്ല?. എന്തുകൊണ്ടാണ് സുരക്ഷാ സേന ടീം അവിടെ എത്താൻ ഒരു മണിക്കൂർ സമയമെടുത്ത്?’’– ഉവൈസി ചോദിച്ചു. മതം ചോദിച്ച് ആളുകളെ കൊന്ന രീതിയെ അദ്ദേഹം അപലപിച്ചു. കശ്മീരികൾക്കും കശ്മീരി വിദ്യാർഥികൾക്കുമെതിരായ തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്നും ഉവൈസി പറഞ്ഞു.
കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനമായ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രി കിരൺ റിജിജു, വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ്, കോൺഗ്രസ് എംപി എന്നിവർ ഇന്നലെ നടന്ന സർവകക്ഷി യോഗത്തിൽ പങ്കെടുത്തിരുന്നു. ചൊവ്വാഴ്ച പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനുമാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തു. 2019 ലെ പുൽവാമ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടതിനുശേഷം കശ്മീരിലുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്.
