
ലോകത്തിലെ പല രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്ക് പോവാനുള്ള സാധ്യതയുണ്ടെന്നാണ് ശശി തരൂർ നൽകുന്ന മുന്നറിയിപ്പ്
ന്യൂഡൽഹി: യുഎസ് തീരുവ മൂലമുണ്ടായ ഇന്ത്യ ഓഹരി വിപണിയിലെ കനത്ത നഷ്ടത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഇന്ത്യൻ ഇറക്കുമതിക്ക് മറുതീരുവ ഏർപ്പെടുത്താനുള്ള യുഎസ് സർക്കാരിന്റെ തീരുമാനത്തെത്തുടർന്ന് തിങ്കളാഴ്ചയുണ്ടായ ഓഹരി വിപണിയുടെ തകർച്ചയിൽ കടുത്ത ആശങ്കയാണ് ശശി തരൂർ പങ്കുവച്ചത്. ഇതിന് പിന്നാലെ വിഷയത്തിൽ അടിയന്തര ഇടപെടൽ തേടിയ തരൂർ, ഉഭയകക്ഷി വ്യാപാരം സംബന്ധിച്ച് യുഎസുമായി ചർച്ചകൾ ആരംഭിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അഹമ്മദാബാദ് വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഇത് അതിജീവിക്കുമെന്നും 5.4 ശതമാനം വളർച്ച കാരണം മാന്ദ്യത്തിലേക്ക് പോകില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി. ഏപ്രിൽ എട്ടിന് നടക്കുന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തിലും ഏപ്രിൽ 9ന് നടക്കുന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) സമ്മേളനത്തിലും പങ്കെടുക്കാനാണ് അദ്ദേഹം അഹമ്മദാബാദിൽ എത്തിയിരിക്കുന്നത്. ട്രംപിന്റെ തീരുവ നയം ലോകമെമ്പാടുമുള്ള വിപണികളെ പ്രതികൂലമായി ബാധിക്കുന്ന സമയമാണിത്. ഇന്ത്യൻ വിപണികളെ മാത്രമല്ല, ആഗോള വിപണികളെയും ഇത് സാരമായി ബാധിച്ചിരിക്കുന്നു. യുഎസ് ഓഹരി വിപണിയും മോശമായി തകർന്നതിനാൽ തീരുവയ്ക്ക് പിന്നിലെ ട്രംപിന്റെ യുക്തി ആർക്കും മനസിലായില്ലെന്ന് തോന്നുന്നു ശശി തരൂർ ചൂണ്ടിക്കാട്ടി.
ലോകത്തിലെ പല രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്ക് പോവാനുള്ള സാധ്യതയുണ്ടെന്നാണ് ശശി തരൂർ നൽകുന്ന മുന്നറിയിപ്പ്. ചില രാജ്യങ്ങൾ മാന്ദ്യത്തിലേക്ക് നീങ്ങിയേക്കാം, പക്ഷേ നമുക്ക് 5.4 ശതമാനം വളർച്ചയുള്ളതിനാൽ നമ്മൾ മെച്ചപ്പെട്ട നിലയിലാണ്. അതിനാൽ നമ്മുടെ സമ്പദ്വ്യവസ്ഥ താഴേക്ക് വന്നേക്കാമെങ്കിലും അതൊരിക്കലും മാന്ദ്യത്തിലേക്ക് നയിക്കില്ല; തരൂർ വ്യക്തമാക്കി. ഏപ്രിൽ 2നാണ് തീരുവ പ്രഖ്യാപിച്ചത്, ഇന്ന് 7-ാം തീയതിയാണ്. ഈ അഞ്ച് ദിവസങ്ങളിൽ ലോകം വളരെയധികം ബുദ്ധിമുട്ടി. ദൈവത്തിനറിയാം എന്താണ് ഇനി വരാനിരിക്കുന്നതെന്ന്. നമുക്ക് ചെയ്യാൻ കഴിയുന്നത് നമ്മുടെ അരക്കെട്ടുകൾ മുറുക്കി ഇതിനെ നേരിടുക എന്നതാണ്; അദ്ദേഹം കൂട്ടിച്ചേർത്തു.