ഗുഡിവാഡയിൽ എഞ്ചിനീയറിങ് കോളജിന് പിന്നിൽ ഇരുന്ന് മദ്യപിച്ചിരുന്ന യുവാക്കളെ ഡ്രോൺ ഉപയോഗിച്ച് പൊലീസ്
അമരാവതി: ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാകെ ഡ്രോൺ ക്യാമറകൾ വിന്യസിച്ച് കുറ്റകൃത്യങ്ങൾ തടയാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ആന്ധ്ര പൊലീസ് അടുത്തിടെ സോഷ്യല്‍ മീഡിയ മാധ്യമമായ എക്സില്‍ പങ്കുവച്ചിരുന്നു. പൊതു സ്ഥലത്ത് ഇരുന്നുള്ള രണ്ട് യുവാക്കളുടെ മദ്യപാനം കണ്ടെത്തുന്നതായിരുന്നു വീഡിയോ.
ഗുഡിവാഡയിൽ എഞ്ചിനീയറിങ് കോളജിന് പിന്നിൽ ഇരുന്നായിരുന്നു യുവാക്കളുടെ മദ്യപാനം. പൊലീസിന്റെ ഡ്രോൺ ക്യാമറ കണ്ടതോടെ സ്ഥലം വിടാനുള്ള യുവാക്കളുടെ ശ്രമമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. എന്നാല്‍ ഇവരെ പിടികൂടിയ പൊലീസ് പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഈ വീഡിയോ ഇപ്പോഴിതാ രസകരമായ ഒരു കമന്റോടെ റീപോസ്റ്റ് ചെയ്തിരിക്കുകയാണ് മന്ത്രി നാരാ ലോകേഷ്. ക്ഷമിക്കണം സുഹൃത്തുക്കളെ, എനിക്ക് നിങ്ങളെ ഒരു തരത്തിലും സഹായിക്കാൻ കഴിയില്ല, കാരണം എപി പൊലീസ് അവരുടെ കടമ നിർവഹിക്കുന്നു- എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
