പത്രങ്ങൾ കഴുകാൻ നമ്മൾ ഉപയോഗിക്കുന്ന സ്ക്രബറുകൾ ഇത്രത്തോളം അപകടകാരികളാണെന്ന് നമ്മൾ ചിന്തിച്ചിട്ടുപോലും ഉണ്ടാവില്ല. ചില സമയങ്ങളിൽ നമ്മൾ നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങളായിരിക്കും ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ളത്. സ്ക്രബർ ഉപയോഗിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
സ്ക്രബർ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ
- പാത്രങ്ങൾ വൃത്തിയാക്കുമ്പോൾ ഭക്ഷണ അവശിഷ്ടങ്ങൾ സ്ക്രബറിൽ പതിഞ്ഞിരിക്കാൻ സാധ്യതയേറെയാണ്. ഇത് അണുക്കൾ പെരുകുന്നതിന് കാരണമാകും.
- ചൂട് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ സാധാരണമായി അണുക്കൾ നശിച്ചുപോകാറാണ് പതിവ്. എന്നാൽ സ്ക്രബറിലെ അണുക്കൾ ചൂട് വെള്ളത്തിലിട്ട് കഴുകിയാൽ പോലും പോകില്ലെന്ന് പഠനങ്ങൾ പറയുന്നത്.
- റിസ്ക് ഗ്രൂപ്പ് 2 ബാക്ടീരിയ അടങ്ങിയതാണ് അടുക്കളയിൽ ഉപയോഗിക്കുന്ന സ്ക്രബർ. അതുകൊണ്ട് തന്നെ ഉപയോഗിക്കുന്നതും റിസ്ക് കൂടുതലാണ്.
- മത്സ്യം, ഇറച്ചി എന്നിവയുടെ അവശിഷ്ടങ്ങൾ സ്ക്രബറിൽ പറ്റിപ്പിടിച്ചിരുന്നാൽ അവ അപകടകാരികളായ വൈറസുകൾ വളരാൻ അവസരമുണ്ടാക്കും. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നതാണ്.
എങ്ങനെ പരിഹരിക്കാം
- കുറഞ്ഞത് രണ്ടുദിവസം കൂടുമ്പോഴെങ്കിലും സ്ക്രബർ വൃത്തിയാക്കണം. ഭക്ഷണ അവശിഷ്ടങ്ങൾ പറ്റിയിരിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം.
- ചൂടുവെള്ളം, ബ്ലീച്, സോപ്പ് മുതലായവ ഉപയോഗിച്ച് നിരന്തരം അണുവിമുക്തമാക്കാം.
- എല്ലാ ആവശ്യങ്ങൾക്കും ഒരേ സ്ക്രബർ ഉപയോഗിക്കാതിരിക്കുക. ഓരോന്നിനും വെവ്വേറെ സ്ക്രബറുകൾ ഉപയോഗിച്ചാൽ ഒരു പരിധിവരെ റിസ്ക് ഒഴിവാക്കാനാകും.
- ഉപയോഗിച്ച് പഴക്കം ചെന്നാൽ പഴയത് മാറ്റി പുതിയത് വാങ്ങണം. പഴയത് തന്നെ നിരന്തരമായി ഉപയോഗിക്കുന്നത് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കും.
- എപ്പോഴും സ്ക്രബറുകൾ മാത്രം ഉപയോഗിക്കാതെ ബദലായി മറ്റ് വസ്തുക്കളും ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന്, മൈക്രോഫൈബർ തുണികൾ, പ്രത്യേക സ്ക്രബിങ് പാഡ് എന്നിവ ഉപയോഗിക്കാം.
