ദീപ ഗോപിനാഥ്
പല തരത്തിലുള്ള ഹെയര്‍ സ്റ്റൈലുകള്‍ നമ്മള് കണ്ടിട്ടുണ്ടാകും. വിവിധ സ്റ്റൈലില്‍ നിറങ്ങളില്‍ ഫാഷനിലൊക്കെ. പൊതുവെ സ്ത്രീകളിലാണ് അധികവും ഹെയര്‍സ്റ്റൈലുകള്‍ കാണാറുള്ളത്. എന്നാല്‍ സ്റ്റൈലിനും ഫാഷനുമൊക്കെ അപ്പുറം ഹെയര്‍സ്റ്റൈലുകള്‍ പാരമ്പര്യത്തെ കൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. തലമുടി കെട്ടലിന്റെ ശൈലിയിലൂടെ തങ്ങളുടെ പാരമ്പര്യം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കികൊടുക്കുന്ന വിധത്തിലാണ് ഇവിടെ സ്ത്രീകള്‍ മുടിക്കെട്ടുന്നത്. നൈജീരിയന്‍ സ്ത്രീകളുടെ ഹെയര്‍സ്റ്റൈലുകള്‍ക്ക് വിവിധതരം അര്‍ത്ഥങ്ങളും സന്ദേശങ്ങളുമാണ് ഉള്ളത്.
വിവാഹങ്ങള്‍, ജന്മദിനങ്ങള് തുടങ്ങിയ പരിപാടികളില്‍ ഒരു പ്രത്യേക കുടുംബത്തെയോ പ്രദേശത്തെയോ സൂചിപ്പിക്കാന്‍ അല്ലെങ്കില്‍ അന്നത്തെ രാഷ്ട്രീയ കലാപര പ്രസ്ഥാനങ്ങളോട് പ്രതികരിക്കുന്നതിനൊക്കെ വേണ്ടിയാണ് ഇത്തരം ഹെയര്‍സ്റ്റൈലുകള്‍ നൈജീരിയന്‍ സ്ത്രീകള്‍ ഉപയോഗിക്കുന്നത്. പൊക്കിവെച്ചതും, സൈഡ് ചരിഞ്ഞതും അര്‍ച്ചിന്റെ രൂപത്തിലും തുടങ്ങി പലവിധത്തിലാണ് ഹെയര്‍സ്റ്റൈല്‍ വരുന്നത്. വിവിധതരം ഹെയര്‍സ്റ്റൈലുകളില്‍ മുടി കെട്ടാന്‍ നൈജീരിയന്‍ സ്ത്രീകള്‍ക്ക് 30 മിനിറ്റ് മുതല്‍ 5 മണിക്കൂര്‍ വരെയാണ് സമയം വേണ്ടി വരുക. പ്രശസ്തനായ നൈജീരിയന്‍ ഫോട്ടോഗ്രാഫര്‍ ജെ.ഡി ഒഖായി ഒജെയ്കെരെയാണ് സ്വന്തം നാട്ടിലെ സ്ത്രീകളുടെ മുടികെട്ടലിന്റെ വിവിധ ദൃശ്യങ്ങള്‍ പകര്‍ത്തി ലോകത്തെ അറിയിച്ചത്.
ഇത്തരത്തില്‍ ഏകദേശം 1000 ഹെയര്‍സ്റ്റൈലുകളുടെ ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തിയിട്ടുണ്ട്. 40 വര്‍ഷമെടുത്താണ് ഒഖായി ചിത്രങ്ങള്‍ പകര്‍ത്തിയത്. ഹെയര്‍സ്റ്റൈലുകളുടെ സൗന്ദര്യത്തിലും കലാപരമായ രൂപത്തിലും ആകൃഷ്ടനായതിന് അപ്പുറം അദ്ദേഹം അത് വരും തലമുറക്ക് വേണ്ടിയാണ് പകര്‍ത്തിയതെന്നാണ് ഒഖായിയുടെ മകന് ഫോട്ടോഗ്രാഫറായ അമെയ്സ് ഒജെയ്കെരെ പറയുന്നത്.
1960ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തില്‍നിന്നും നൈജീരിയക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമാണ് സ്ത്രീകള്‍ക്കിടയില്‍ വ്യത്യസ്തമായ ഹെയര്‍സ്റ്റൈലുകള്‍ പ്രചാരമേറിയത്. അതിനുമുമ്പ്, വൈവാഹിക നില, വംശീയ ഉത്ഭവം, സാമൂഹിക സാമ്പത്തിക അടിസ്ഥാനങ്ങള്‍ എന്നിവയെ പ്രതീകപ്പെടുത്തുന്ന സാമൂഹിക അടയാളങ്ങളായിരുന്നു ഹെയര്‍സ്റ്റൈലുകള്‍.
നൈജീരിയന്‍ സ്വാതന്ത്ര്യത്തോടെ അവയ്ക്ക് രാഷ്ട്രീയ അര്‍ത്ഥവും കൈവന്നു. ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ ഒഖായ്ക്ക് മൂന്ന് ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. കൊളോണിയല്‍ ശക്തികളുടെ കീഴില്‍ പ്രചാരം നഷ്ടപ്പെട്ട തദ്ദേശീയ ഹെയര്‍സ്റ്റൈലുകളുടെ പുനരുജ്ജീവനത്തെയാണ് അദ്ദേഹം പകര്‍ത്തിയത്. നൈജീരിയന്‍ പൗരന്മാര് അവരുടെ ഐഡന്റിറ്റി പുനഃസ്ഥാപിക്കുമ്പോള്‍ ഒഖായി സ്ത്രീകളുടെ വ്യത്യസ്ത ഹെയര്‍സ്റ്റൈലുകളെ പകര്‍ത്തി.
ആഗോളവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ ശൈലികളുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ ഫലം കണ്ടു. യുവതലമുറയ്ക്ക് ഇത്തരം സ്റ്റൈലുകളൊക്കെ വെറും പഴഞ്ചനാണ്. അതുകൊണ്ട് തന്നെ നൈജീരിയന്‍ ജനതയുടെ ഈ മുടികെട്ട് ഒക്കെ അന്യമാക്കപ്പെടാന് സാധ്യതയുണ്ട്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായ നൈജീരിയന്‍ ജനതയുടെ സൗന്ദര്യത്തെ പ്രദര്ശിപ്പിക്കുവാന് കൂടി വേണ്ടിയാണ് ഒഖായി ചിത്രങ്ങള്‍ പകര്‍ത്തിയത്.
