മോഹന്‍ കെ കൃഷ്ണന്
താത്വികാവലോകനം ,ചെങ്കടലിരമ്പം,കമ്പകെട്ട്….. അന്തര്‍ധാര സജീവമാണെന്നു ഒച്ചയിട്ടവര്, അന്ധേരിയിലെ കാഴ്ച പരിമിതരുടെ സഞ്ചാരം പോലെ ഒരു വയോധികന്റെ ചുമലില്‍ തൂങ്ങി നീങ്ങുന്ന കാഴ്ച്ചക്ക് ഇപ്പോള്‍ നാം സാക്ഷി! ഉള്ളെരിച്ചിലുകള്!അധികാര രതിയിലെ സുഖ പ്രാര്‍ത്ഥികള്‍!..
രാഷ്ട്രീയ കക്ഷികളുടെ ടാര്‍ഗറ്റ് അധികാരമാണ്. സോഷ്യലിസവും ഗാന്ധിയും അംബേദ്കറും ലോഹ്യയും മാര്ക്സൂം കമ്മ്യുണിസവും അവര്‍ എടുത്തണിയുന്ന മാറാപ്പുകളാണ്. ഇസങ്ങളെ താലോലിച്ച ഒരു തലമുറ എന്നേ കുറ്റിയറ്റു. ഗിമിക്കുകള്‍ മാത്രമാണ് ഇവിടെ ബാക്കി. മാണി സാറിന്റെ അധ്വാന സിദ്ധാന്തം പേറുന്ന കേരളാ കോണ്‍ഗ്രസിന്റെ സാധുത മാത്രമാണ് അപരര്ക്കുമുള്ളത്.ആര്‍ക്കും ദേശീയമായി ചിന്തിക്കാം. ഞെട്ടാം.വിഴകള് നടത്താം.
അധികാര ഭ്രാന്ത് എന്ന അപഹാസ്യ രാഷ്ട്രീയത്തിന്റെ ഉന്നം നീലക്കോളറുകാരുടെ വിമോചനമല്ല ഇടവിട്ടു വരുന്ന തേര്തലുകളാണ് പിന്നെ കമ്പോടു കമ്പ് ചേര്‍ത്തു നീലിയും പീലിയും പുരോഗമനവും നവോത്ഥാന മൂലകങ്ങളും വിപ്ളവവും വഞ്ചിപ്പാട്ടും വലിയ വായില്‍ തട്ടിവിടാം. അതു വെള്ളം തൊടാതെ വിഴുങ്ങുന്നവരും ഇവിടെ സമൃദ്ധം! വിദ്യ കൊണ്ട് വിവരമില്ലാതായ മലയാളിയെ കെജ്രിവാള് വ്യക്തമായി വിലയിരുത്തിയിട്ടുണ്ട്. മലയാളിയെ കാണുമ്പോള്‍ ഇതര ദേശികര്‍ വല്ലാതെ ചിരിക്കുന്നതെന്തേ?
അപ ധ്വനികളാണ് നമ്മുടെ ബദല്‍ രാഷ്ട്രീയ ഗീര്‍വാണം . തള്ളുകള്‍ മാറ്റിവച്ചാല്‍ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരൂ ബദലും നമുക്കില്ല എന്ന ലളിത സത്യമറിയാം. കായം സഞ്ചി ടാഗ്ലൈനുള്ള തമിഴകത്തിന്റെ നാലയലത്തു വരുമോ നമ്മൂടെ ഖേരളം. ക്ഷേമ പരിപാടികള്‍ നടപ്പാക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഏഴൈ പാര്‍ട്ടി ഡിഎം കെ ആണെന്നു വ്യക്തം. അവരുടെ ഔദാര്യമായിരുന്നല്ലോ ശേഷിയില്ലാത്ത രണ്ടു തൊഴിലാള കച്ചികള്ക്കു ഈരണ്ടു ലോക്സഭാ സീറ്റുകള്‍ സൗജന്യമായും 25 കോടി വീതം അവശ സഹായവും!
അടിസ്ഥാന സാമുഹിക സാമ്പത്തിക പ്രാദേശിക സമസ്യകള്‍ വിലയിരുത്താതെ മ എവ്വിധവും അധികാരം പിടിക്കാനും അതില്‍ തൂങ്ങാനും വേണ്ടപ്പെട്ടവര്‍ക്കു മാത്രമായി അതു മാറ്റാനുമുള്ള കുല്സിത പദ്ധതി മാത്രമായിരുന്നു കൊല്ലം. ഈ തിരനാടകം മുന്‍കൂട്ടി ഗൃഹപാഠം ചെയ്ത ഒരു ക്ളീഷേ മാത്രമായി മാറി. കൊതുകുകളെ അരിച്ചു മാറ്റുകയും ആനയെ കടത്തിവിടുകയും ചെയ്ത തരികിട മാത്രമായി ചര്‍ച്ചകള്‍ ചുരുങ്ങി. താര്‍ക്കികതയും ധൈഷണധികതയും ഒതുക്കിപ്പിടിച്ച ഉടുവസ്ത്റങ്ങളുമായി എങ്ങോ മറഞ്ഞു. മോഹിതര്ക്ക് കീഴടങ്ങല്‍ മാത്രമാണല്ലോ ഏക ഓപ്ഷന്. നാവനക്കിയാല്‍ പുഴുക്കുത്ത്,ബക്കറ്റു വെള്ളം, അഴിമതിക്കാരന്.ചിലപ്പോള്‍ ഇച്ചിരി ഹദ്ദടിയും ഊരുവിലക്കും. കുഞ്ഞുകുട്ടി പരാധീനക്കാര്‍ അതിലൊതുങ്ങും.അല്ലെങ്കില്‍ അപവാദം ചിറകടിച്ചൂയരും .മതമായി മാറിയ കച്ചിയുടെ പൊല്ലാപ്പുകള്‍!.കുട്ടിയുടെ ബക്കറ്റില്‍ ഇല്ലാതെ പോയ കടലിരമ്പത്തിന്റെ സാന്മാര്ഗിക പാഠം ഇപ്പോള്‍ ക്ഷീണിതവുമായി.ശിവശിവ!
കെട്ടി ഇറക്കിയ നാടിന്റെ തലക്കുറി എന്ന പുതുവഴി സെസുകളുടെയും ഫീസുകളുടെയും വര്‍ദ്ധനവുകളുടെയും ഒരു കടലാണ്. നികുതി രാജും രാജനുമാണ് കടന്നു വരുന്നത്. സാമ്പത്തികമായി മനുഷ്യരെ വേര്‍തിരിച്ച് നിര്‍ദ്ദയം പിഴിയാനാണ് നീക്കം. വിഭവ സമാഹരണം എന്നാണ് ഓമനപ്പേര്. 500 രൂപ സ്വകാര്യ ആശുപത്രിക്കു നല്കുന്ന സാക്ഷര പൗരാ, ഒരു ഉറുപ്പിക കുറച്ചിങ്ങു ഇട്ടേരെ എന്നതു മാത്രമാണ് ഈ പുതുവഴിയുടെ വണ്‍ലൈനര്‍. ശൗചത്തിനുവരെ ഫീസു കെട്ടുന്ന നമുക്കുമേല്‍ പ്രാണവായുവിനൂം വിഭവ സമാഹരണം വരാം. ഏസിയില്‍ കിടത്തി ഇഞ്ചിഞ്ചായി മരണം ഉറപ്പാക്കുന്ന പഞ്ച നക്ഷത്രങ്ങളും ലാബുകാരും മാത്രമാണ് നമ്മുടെ നിക്ഷേപകര്‍. പണിയുമില്ല പണവുമില്ല.വര്‍ഗീയതയെ പ്രീണിപ്പിച്ചും പുരോഹിതരുടെ അംഗ വസ്ത്ര കുടുക്കൂളില് വിരലിട്ടും അവശേഷിക്കുന്ന യുവതയെ നാടുകടത്തിയും കോഴ നല്കി കൃത്രിമ ഐടി ബൂം സൃഷ്ടിച്ചും അധികാരം കൊയ്യാമെന്നാണ് തിയറി. രാജ്യത്തെ അവസാന തുരുത്തും കടലെടൂക്കരുതല്ലോ. അധികാരത്തിന്റെ അവിഹിതങ്ങള്‍ നേരിട്ടും പരോക്ഷമായും കൈപ്പറ്റുന്ന ഗുണഭോക്താക്കളും അവര്‍ക്കൂ പിന്നിലുള്ള അടിമക്കുട്ടങ്ങളും. ഇവരുടെ വ്യാജത്തില് വീണുപോകൂന്ന സാദാ ജനവൂമാണ് ഇന്നിന്റെ കാഴ്ച.അണികളെ ചുവപ്പു കാട്ടി അടക്കാം,എതിര്ക്കൂന്നവരെ മുളവടി കൊണ്ടും.
അധികാരത്തിന്റെ തിണ്ണ ബലം, കാമനകള്‍. ഇവയുടെ നഷ്ടത്തിലും അര്‍ഹമായ സ്ഥാനക്കയറ്റ നിഷേധം.ദു:ഖമാണത്. തികച്ചും സ്വാഭാവികം! പ്രതിബദ്ധമല്ല തന്കാര്യത്തിനുള്ള തന്ത്രമാണിതെന്നു വ്യക്തമായി അറിയുന്നവര്‍ പ്രതികരിക്കും. അപ്പോഴും കണ്ടതിനെക്കാള്‍ വലുതാണ് വങ്കിലുള്ളതെന്നും തിരിച്ചറിയണം.
സോഷ്യല്‍ മീഡിയയില്‍ കുരുപൊട്ടിയവര്‍ മുഖദാവില്‍ വിനീതര്‍! ഇതാണ് കറന്റ് ട്രെന്റ്. അതെ സോദരാ,എന്റെ ദേശം ഒരു ഭയമാകുന്നുവല്ലോ?
അനീതി കണ്ടാല്‍ വിറ വരുമെന്ന് ചെ.ജൂനിയര്‍ ഗൗരിയമ്മയായി അനന്തപുരിയില്‍ ഉദിച്ച താരത്തിനു ഇതു ശിശിരം. പള്ളിക്കുന്നില്‍ തത്തമ്മയും സഖിമാരുമായും സംവാദം തുടരാം. അന്നത്തെ ആ വിജയത്തില്‍ ഞാനും പങ്കാളി.ഇന്നെന്റെ പ്രമോഷന് സ്വാഹ! ഇതു അനന്തപുരിയിലെ ഗദ്ഗദം!നിഷ്കളങ്കരെ മറിച്ചൊരു വിധി വരുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? കരുതലുള്ള തനയ വിലാപം. 52 വര്‍ഷത്തെ വിയര്‍പ്പിനെ തോല്പിച്ച 9വര്‍ഷത്തെ കുറുക്കു വഴി.ഓലമേഞ്ഞ നാളന്ദയില്‍ നിന്നും വിസ്മയങ്ങളുടെ വിഷനാകുന്ന ഡയറക്ട് റിക്രൂട്ട്മെന്റ്. പോസ്റ്റര്‍,ജാഥ,ത്യാഗം ഉറങ്ങാത്ത രാവുകള്‍.കാലം തരിശാക്കിയ സ്ക്റാപ്പുകള്ആധുനികോത്തരം.അതാണിന്നത്തെ മെനു! ഈ കപ്പല്‍ ഉലയുകയില്ല സാര്‍.ഇതിനൊരു കപ്പലുമാക്കനുണ്ട്.!
മതവൂം രാഷ്ട്രീയവും തീര്‍ക്കുന്ന അലുക്കുകള്‍. അതെ അടിയാളന്റെ വിമോചന എണ്‍ചുവടി നമ്മുടെ ഞായര്‍ പാഠശാലകളിലാണ് ഇപ്പോള്‍ മുളപൊട്ടുന്നത്. കോര്‍പ്പറേറ്റുകളും മൂലധനവും ജാതിയും മതവും പൗരോഹിത്യവുമാണ് ഇന്നത്തെ നമ്മൂടെ ചങ്ങാതിമാര്‍.
നിറഞ്ഞ കണ്ണുകള്‍.ഇടറിയ വാക്കുകള്‍.ബാല നഷ്ടങ്ങളുടെ മാര്‍ച്ച് .അര്‍ബന്‍ നക്സലൈറ്റുകള്‍ ആദ്യം തോല്പിച്ചു. ആയുസ് നീട്ടുന്ന കണ്‍വീനര്‍ തെന്നിമാറി. മുഞ്ഞ ശല്യമില്ലാതെ മന്ത്രിയും പാര്‍ട്ടി പദവിയും നേടീയ അയല്ക്കാരന്റെ മിടുക്ക്. ഓണേഴ്സ് പ്രൈഡ് ,നൈബേഴ്സ് എന്‍വി. ഒടുവില്‍ ആത്മ സാന്ത്വനം!
കഥയറിഞ്ഞു ഉത്തരത്തില്‍ ചിലക്കുന്നത് ഗൗളി ശാസ്ത്രം!
പിന് കുറിപ്പ്; മൂഷികനാം ഞാന്‍
മൂഷികനിപ്പോള്
പൂശകനാം നീ പൂശകനിപ്പോള്!
