ഷഹബാസിനെ ആസൂത്രിതമായി കൊലപ്പെടുത്തിയ, പ്രായപൂര്‍ത്തിയാകാത്ത പ്രതികളായ കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ അവസരം നല്‍കിയത് കേരളം ചര്‍ച്ച ചെയ്യുകയാണ്. ക്രിമിനലുകളായ കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കിയത് തെറ്റാണ് എന്ന് പറയുന്ന വലിയൊരു വിഭാഗത്തെ കാണാന്‍ കഴിഞ്ഞു. കെഎസ് യു പ്രവര്‍ത്തകര്‍ ഇതിന്റെ പേരില്‍ സമരം നടത്തുന്നതും നാം കണ്ടു. സഹപാഠിയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് വാട്സാപ്, ഇന്‍സ്റ്റ ഗ്രൂപ്പുകളിലൂടെ ഷഹബാസിനെ കൊലപ്പെടുത്തുമെന്നും ആള്ക്കൂട്ടകൊലയാണെങ്കില് കാര്യമായ ശിക്ഷ കിട്ടില്ലെന്നും പതിനെട്ട് വയസ് തികയാത്തതിനാല്‍ കടുത്ത ശിക്ഷയില്‍ നിന്നും രക്ഷപ്പെടാമെന്നും കൊലപാതകത്തിന് മുന്‍പ് കുട്ടികള്‍ ആസൂത്രണം ചെയ്തതും പുറത്തുവന്നിട്ടുണ്ട്. ഇതാണ് ഇവര്‍ക്കെതിരെയുള്ള ജനവികാരം ശക്തിപ്പെടാന്‍ കാരണമായത്.
സഹപാഠിയെ കൊലപ്പെടുത്തിയാലും രക്ഷപ്പെടാമെന്ന ചിന്തയാണ് കുട്ടികള്‍ക്ക് അതിനുള്ള ധൈര്യം നല്‍കിയത് എന്നത് സത്യമാണ്. ഷഹബാസിനെ കൊലപ്പെടുത്തി അധികം വൈകാതെ സാധാരണ കുട്ടികള്‍ക്കുള്ള അവകാശം പോലെതന്നെ പ്രതികളായ കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കിയത് തെറ്റായിപ്പോയെന്ന് ഷഹബാസിന്റെ പിതാവ് പറഞ്ഞതായി കേട്ടു. ആ പിതാവിന്റെ സങ്കടത്തിന് മുന്നില്‍ നാമെല്ലാവരും വിങ്ങിപ്പൊട്ടുകയാണ്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ആ വിദ്യാലയത്തിലെ മുന്‍ പ്രധാന അദ്ധ്യാപികയടക്കമുള്ളവര് രംഗത്ത് വരികയും കുട്ടികളെ പരീക്ഷ എഴുതിച്ചത് തെറ്റായിപ്പോയി എന്ന് പറയുകയും ചെയ്തു. കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളുടെയും അഭിപ്രായം ഇതുന്നെ ആയിരുന്നു. എന്നാല്‍ ഇതെല്ലാം മാനുഷിക വികാരം മാത്രമാണെന്നുള്ളതാണ് വസ്തുത.
നിയമത്തിന്റെ കണ്ണിലൂടെ നോക്കുകയാണെങ്കില്‍ കുട്ടികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവകാശമുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഏതൊരാളും കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതുവരെ കുറ്റവാളിയാണെന്ന് പറയാനാവില്ല. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ മഹത്തായ പാദങ്ങളിലൊന്നാണിത്. കോടതി ശിക്ഷിക്കുമ്പോള്‍ മാത്രമേ ഇവര്‍ കുറ്റക്കാരാവുകയുള്ളൂ എന്ന് മാത്രമല്ല അപ്പോള്‍ മാത്രമേ ശിക്ഷക്ക് ഇവര്‍ക്ക് അര്‍ഹതയുള്ളൂ. ഇനി കോടതി ജയില്‍ ശിക്ഷ കൊടുത്താലും വിദ്യാഭ്യാസത്തിനുളള അവകാശം നിഷേധിക്കാന്‍ പാടില്ല. കാരണം ജയില്‍ ശിക്ഷയിലൂടെ കുറ്റവാളികളില്‍ നവീകരണമാണ് കോടതി ഉദ്ദേശിക്കുന്നത്. അങ്ങനെ കുറ്റവാളി നവീകരിക്കപ്പെടണമെങ്കില്‍ വിദ്യാഭ്യാസം നല്‍കുന്നത് ഉചിതമായിരിക്കും. അതുവഴിയുള്ള പരിവര്‍ത്തനം സാധ്യമാക്കാം എന്ന വിലയിരുത്തലുമുണ്ട്. ഇന്ത്യന്‍ നിയമവ്യവസ്ഥ വെച്ച് നോക്കിയാല്‍ പരീക്ഷ എഴുതിച്ചതില്‍ തെറ്റില്ല.
എന്നാല്‍ കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ക്ക് കാര്യമായ ശിക്ഷ കിട്ടില്ലെന്ന ഒരു ബോധ്യം സാമാന്യ ജനങ്ങള്‍ക്കിടയിലുണ്ടായിട്ടുണ്ട്. അത് അപകടകരമാണ്. പ്രതികളെ പോലീസ് മാന്യമായി കൈകാര്യം ചെയ്യുകയും കോടതികളില്‍ നിന്ന് ശിക്ഷ ലഭിക്കുന്നതിന് കാലതാമസം എടുക്കുകയും ചെയ്യുന്ന സാഹചര്യം മുതലെടുക്കുന്ന ക്രിമനലുകള്‍ കേരള ജനതയുടെ സ്വസ്ഥജീവിതത്തിന് വിഘാതമായിട്ടുണ്ട്. ഏത് തെറ്റ് ചെയ്താലും പോലീസിനെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുന്ന യുവതലമുറയെ ആണ് കാണാന്‍ കഴിയുന്നത്. പരസ്യമായി കയ്യില്‍ വിലങ്ങുമായി പോലീസിനെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്ന യുവാക്കളുടെ ചിത്രം നമുക്ക് നല്കുന്ന സന്ദേശം ഇതുതന്നെയാണ്. കൂട്ടികള്‍ ആയുധങ്ങളുമായി തെരുവില്‍ ഏറ്റുമുട്ടുന്ന കാഴ്ചയാണ് ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നത്. ഇതുവരെ കേരളം കാണാത്ത തരത്തിലാണ് അക്രമവാസന കുട്ടികളില്‍ പെരുകുന്നത്.
യുവാക്കളുടെ സ്ഥിതി ഇതിലും ഗുരുതരമാണ്. എത്ര ഗുരുതരമായ കുറ്റം ചെയ്താലും അതൊന്നും ബാധിക്കില്ലെന്ന ചിന്തയാണ് യുവാക്കളെ നയിക്കുന്നത്. മനുഷ്യാവകാശത്തിന്റെ പേരുപറഞ്ഞ് രക്ഷപ്പെടാനുള്ള തന്ത്രമാണ് ഇവരെല്ലാം പരീക്ഷിക്കുന്നത്. മാത്രമല്ല ഇത്തംരം കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണയാണ് ഏറ്റവും അപകടകരം. കുറ്റകൃത്യങ്ങള്‍ എന്തുചെയ്താലും സംരക്ഷിക്കാന്‍ രാഷ്ട്രീയ നേതാക്കളുണ്ടെന്ന ചിന്തയാണ് ഇവരെ വീണ്ടും വീണ്ടും തെറ്റിലേക്ക് നയിക്കുന്നത്. മാത്രമല്ല പല കേസുകളിലും യുവാക്കളുടെ കൈകളില്‍ ആയുധങ്ങള്‍ വെച്ചുകൊടുക്കുന്നതും ഇത്തരം നീചമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂടിയാണ്.
ഇതിനെയെല്ലാം നിയന്ത്രിക്കണമെങ്കില്‍ ശരിയായ നിയമസംവിധാനവും നടപ്പാക്കലും അനിവാര്യമാണ്. അക്രമത്തിനെതിരെ ബോധവല്‍ക്കരണവും കലാപരിപാടികളും നടത്തി പോലീസിനെ കോമാളികളാക്കുകയല്ല വേണ്ടത്. നിയമവാഴ്ച കര്‍ശനമായി നടപ്പിലാക്കാന്‍ ശേഷിയുള്ള പോലീസ് സേനയാണ് നമുക്ക് വേണ്ടത്. നിലവിലുള്ള നിയമവ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുട്ടികളുടെ അവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍ അതിന്റെ മറവില്‍ കുറ്റകൃത്യങ്ങള്‍ ഭയംകൂടാതെ ചെയ്യുന്ന ഈ തലമുറയെ നിയന്ത്രിച്ചേ മതിയാകൂ. കുറ്റം ചെയ്തവര്‍ക്ക് അര്‍ഹമായ ശിക്ഷ അതും കാലവിളബം വരുത്താതെ നല്കാന് നമുക്ക് കഴിയണം. കടുത്ത ശിക്ഷ നല്കേണ്ടവര്ക്ക് അതുനല്കുന്നതില് നിന്നും വീഴ്ച വരുത്തരുത്. മാത്രമല്ല അവരെ സംരക്ഷിക്കാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനവും മുന്നോട്ട് വരരുത്. കൊല്ലപ്പെട്ട ഷഹബാസിനോട് നാം നീതി പുലര്‍ത്തിയേ മതിയാകൂ. വേദനകൊണ്ട് പുളഞ്ഞ അവന്റെ കരച്ചിലുകള്‍ ഇനി കേരളത്തില്‍ ഉയരരുത്.
