പി എ അലക്സാണ്ടർ
പണ്ടേ ദുർബല പിന്നെ ഗർഭിണിയും എന്ന പഴഞ്ചൊല്ല് പോലെയാണ് മന്ത്രി എ കെ ശശീന്ദ്രന്റെ ഇന്നത്തെ അവസ്ഥ. കാട്ടാനകൾ ഓരോ മനുഷ്യരെ കൊന്നൊടുക്കുമ്പോഴും വനമന്ത്രി എ കെ ശശീന്ദ്രൻ കാട്ടാനക്കെതിരെ ചിഹ്നം വിളിക്കും. ഇത് കേട്ട് കാട്ടാനകൾ പേടിക്കാറില്ല. അവറ്റകൾ കാടും കടന്നു പുറത്തുവന്ന് മനുഷ്യവാസസ്ഥലത്ത് വന്ന് മനുഷ്യനെ ചവിട്ടി അരച്ചു കൊല്ലുന്നു. കൊമ്പുകൊണ്ട് കുത്തി കൊല്ലുന്നു. ഇതൊക്കെ അങ്ങ് നടക്കും.
ഏറ്റവും ഒടുവിൽ കാട്ടാനാക്കലിയിൽ ആറളം വയോധികരായ ആദിവാസി ദമ്പതികളെയാണ് കാട്ടാന ചവിട്ടി ഞെരിച്ചു കൊന്നത്. ആറളം ഫാമിലെ കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ജനം പ്രതിഷേധിച്ച് ഇളകി മറിഞ്ഞു. മരിച്ചവരുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്ന വനപാലകരെയും പോലീസിനേയും ജനം തടഞ്ഞുവച്ചു. ചിഹ്നം വിളിച്ച് രക്ഷപ്പെട്ട മന്ത്രി എ കെ ശശീന്ദ്രനെ പൊതുജനം ആറളത്ത് വരുത്തി ‘ഏത്തം ഇടീച്ച ശേഷം ആണ് ജനം പ്രതിഷേധത്തിൽ നിന്ന് പിന്മാറിയത്. ജനം ആവശ്യപ്പെട്ട എല്ലാ കാര്യങ്ങൾക്കും “ഏത്ത”മിട്ട മന്ത്രി ഒടുവിൽ തെറ്റ് സമ്മതിച്ചു എന്ന് പറഞ്ഞ ശേഷമാണ് ജനം പിന്മാറിയത്.
കാട്ടാനയുടെ പരാക്രമത്തിൽ പാവപ്പെട്ട ജനം ചവിട്ടി അരക്കപ്പെടുമ്പോൾ തലസ്ഥാനത്ത് മന്ത്രി കസേരയിൽ അമർന്നിരുന്ന് ചിഹ്നം വിളിച്ചു ജനത്തെ സമാധാനിപ്പിക്കുന്ന ശശീന്ദ്രന്റെ പൊള്ള വാക്കുകളാണ് ഏറ്റവും ഒടുവിൽ നാട്ടുകാർ പൊളിച്ചടുക്കിയത്. പൊള്ളയായ വാക്കുകൾ കൊണ്ട് രക്ഷപ്പെട്ടിരുന്ന വനമന്ത്രി ഒടുവിൽ നാട്ടുകാരുടെ മുൻപിലെത്തി ഏത്തമിട്ട് മാപ്പ് പറഞ്ഞു.
വനമന്ത്രി ശശീന്ദ്രൻ നൽകിയ വാക്ക് ഇനിയെങ്കിലും പാലിക്കപ്പെടുമോ രാമനാരായണാ… എന്നാണ് അമ്മുക്കുട്ടിക്ക് ചോദിക്കാനുള്ളത്. വഞ്ചി ഇനിയും തിരുനക്കര തന്നെയായിരിക്കുമോ എന്ന സംശയമാണ് അപ്പുക്കുട്ടന് ഉള്ളത്. കെഎസ്യുവിന്റെ നേതാവും കോൺഗ്രസ് എസ് നേതാവും പിന്നീട് എൻസിപി നേതാവ് ഒക്കെയായിരുന്ന എ സി ഷണ്മുഖദാസിന്റെ ശിഷ്യനായിരുന്നു എ കെ ശശീന്ദ്രൻ. ശശീന്ദ്രൻ ശക്തനായ ഒരു നേതാവും മന്ത്രിയുമായിരുന്നു. എൻസിപിയുടെ തലമുതിർന്ന നേതാവായിരുന്നു ശശീന്ദ്രൻ. എന്നാൽ ഇപ്പോഴത്തെ ശശീന്ദ്രൻ അത്ര വലിയ രാഷ്ട്രീയക്കാരനോ നയമുള്ള ആളോ ഒന്നുമായിരുന്നില്ല . ഷണ്മുഖ ദാസിന്റെ ‘റാൻ മൂളി’യായ ശശീന്ദ്രനെ എംഎൽഎ ആക്കിയതും ഒക്കെ ഷണ്മുഖ ദാസ് എന്ന കരുത്തനായ നേതാവായിരുന്നു. അദ്ദേഹത്തിന്റെ കാരുണ്യം കൊണ്ട് തന്നെയാണ് എ കെ ശശീന്ദ്രൻ മന്ത്രി ആയതെന്ന് അപ്പുക്കുട്ടന് നന്നായി അറിയാം. ബുദ്ധിപരമായ നീക്കങ്ങളോ നയമോ ഒന്നും ഉള്ള ആളല്ല എ കെ ശശീന്ദ്രൻ. അതുകൊണ്ടാണല്ലോ ശരത് പവാറിനെയും പിസി ചാക്കോയെയും ഒക്കെ വെട്ടി മുഖ്യമന്ത്രിയുടെ അനുചരനായി നിന്ന് മന്ത്രി പദത്തിൽ കടിച്ചു തൂങ്ങി കിടക്കുന്നത്. പാർട്ടിയുടെ ചിട്ടയൊന്നും എന്നും ശശീന്ദ്രൻ പാലിക്കാറില്ല. ഒടുവിൽ ചാക്കോയ്ക്കും തോമസ് കെ തോമസിനും ഒപ്പം നിന്ന് പവാറിന്റെ ശക്തിയായ വാക്കുകൾക്ക് മുൻപിൽ നിന്നുകൊണ്ട് അദ്ദേഹം ഒത്തുതീർപ്പിന് വഴങ്ങേണ്ടിവന്നു. ഇപ്പോൾ അദ്ദേഹം പാർട്ടിക്ക് വശം വദനായി മന്ത്രിസ്ഥാനം ഉറപ്പിക്കുകയും ചെയ്തു. തന്നെയുമല്ല തോമസ് തോമസിനെ പ്രസിഡന്റ് ആക്കണം എന്ന് ആവശ്യം അനുസരിക്കാനും അദ്ദേഹം തയ്യാറായി.
കണ്ണൂർ ജില്ലയിലെ ആറളം ഫാം പുനരവാസ മേഖലയിൽ കശുവണ്ടിയും വിറകും ശേഖരിച്ച് മടങ്ങുമ്പോഴാണ് ആദിവാസി വൃദ്ധ ദമ്പതികളെ ആന ചവിട്ടി കൊന്നത്. കഴിഞ്ഞ 14 വർഷത്തിനിടെ 14 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മേഖലയ്ക്ക് നിസ്സംഗതയോടെ മന്ത്രിയുടെയും വനംവകുപ്പിന്റെയും അനാസ്ഥയും കണ്ടുനിൽക്കേണ്ടി വന്നു. അവിടുത്തെ ജനത്തിന് അത് പൊറുക്കാനും ആയില്ല.
ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ എപ്പോഴും പറയുംപോലെ വനം മന്ത്രി ശശീന്ദ്രൻ എന്തൊക്കെയോ പുലമ്പി പറയുന്നു. പക്ഷേ പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല. ജനം ആർത്ത് വിളിച്ച്, മന്ത്രിക്കെതിരെ ചിഹ്നം വിളിച്ചു. പരിഭ്രാന്തനായ മന്ത്രി ജനത്തിന് മുൻപിൽ എത്തി പഴയ സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് പറഞ്ഞ് മാപ്പ് പറയേണ്ടി വന്നു. മന്ത്രിയെ അവരുടെ അടുത്ത് തന്നെ വരുത്തി ഉറപ്പുകൾ പറയിപ്പിക്കാൻ ജനത്തിനായി. ഇതാണ് ജനാധിപത്യം. വർഷങ്ങൾക്കു മുൻപും തീരുമാനങ്ങൾ എടുത്തിരുന്ന പല കാര്യങ്ങൾ നടപ്പിലാക്കാൻ വനംവകുപ്പിന് മന്ത്രി ശശീന്ദ്രനോ കഴിയാതിരുന്നതാണ് ഏറ്റവും വലിയ ദുരന്തമായത്. കൃത്യമായി അവയൊന്നും നടപ്പിലാക്കാൻ മന്ത്രിക്ക് കഴിഞ്ഞില്ല. മുമ്പത്തെ പ്രഖ്യാപനങ്ങൾ നടപ്പിലാക്കാൻ തുടർനടപടികൾ എടുത്തിരുന്നെങ്കിൽ ഇത്രയധികം ജീവനുകൾ നഷ്ടപ്പെടുമായിരുന്നോ ശശീന്ദ്രൻ മന്ത്രി… എന്നാണ് അമ്മുക്കുട്ടിക്ക് ചോദിക്കാനുള്ളത്. കഴിഞ്ഞ 9 വർഷങ്ങളിൽ അധികമായി പല വകുപ്പുകളിൽ ഭരണം നടത്തിയപ്പോഴും മന്ത്രി ശശീന്ദ്രൻ ദുർബലനായിരുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
അങ്ങനെയാണ് പല വകുപ്പിലേക്കും മുഖ്യമന്ത്രി അദ്ദേഹത്തെ മാറ്റി മാറ്റി പ്രയോഗിച്ചുനോക്കിയത്. എന്നിട്ടും വലിയ പ്രയോജനം ഒന്നുമുണ്ടായില്ല.
സംസ്ഥാനത്തെ ആനക്കലി ഉണ്ടായപ്പോഴൊക്കെ ചേർന്ന യോഗ തീരുമാനങ്ങളൊക്കെ നടപ്പാക്കിയിരുന്നെങ്കിൽ ദുരിതം കേരളത്തിലെ ജനങ്ങൾക്ക് അനുഭവിക്കേണ്ടി വരുമായിരുന്നില്ല എന്ന് ഉറപ്പാണ്. ജനവാസ മേഖലയിൽ സ്വൈര്യ വിഹാരം നടത്തുന്ന കാട്ടാനകൾക്ക് മുൻപിൽ മന്ത്രിയുടെ പ്രഖ്യാപനങ്ങൾ എഴുതി കാണിച്ചാലോ ബോർഡുകൾ സ്ഥാപിച്ചാലോ കൊമ്പനാനകൾ പേടിച്ചോടും എന്നാണോ വനം മന്ത്രി ശശീന്ദ്രൻ കരുതിയത്? അതൊന്നും അങ്ങനെയൊന്നും നടക്കില്ല. ശശീന്ദ്രന്റെ കഴിവുകേട് മന്ത്രിക്ക് നന്നായി അറിയാം.
ഇത്തിരിയെങ്കിലും നക്കുവാൻ കിട്ടി പോയാൽ അപ്പോഴേ ഒരു ഇന്ത്യൻ വിപ്ലവം ജയിക്കുന്നു എന്ന് കവി കുഞ്ഞുണ്ണി മുൻപേ എഴുതിയതാണ്. സിപിഐയുടെ എലപ്പുള്ളി മദ്യശാല വിപ്ലവത്തെ പറ്റിയാണോ കുഞ്ഞുണ്ണി ഇങ്ങനെ എഴുതിയത് എന്നാണ് അമ്മുക്കുട്ടിക്ക് സംശയം. എന്തെല്ലാമായിരുന്നു ഗീർവാണം… പാലക്കാട് ജില്ല കമ്മിറ്റി മുതൽ നുരഞ്ഞു തുടങ്ങിയ പ്രതിഷേധ വീര്യമാണ് മദ്യശാല എന്ന് ഇടതുമുന്നണി യോഗത്തിൽ ആരെങ്കിലും ഉരിയാടിയാൽ ഹിംസിച്ചു കളയും എന്നു പോലും രണ്ടു നിർവാഹസമിതി യോഗം കഴിഞ്ഞപ്പോൾ കേരളം പറയുന്നു. എന്നിട്ടോ… അതേ സമിതി കൂടിയ ഹോളിൽ മുന്നണി യോഗത്തിൽ പിണറായിക്ക് മുന്നിൽ ബിനോയ് വിശ്വം കവാത്ത് മറന്നു പോയി. വല്യേട്ടൻ പറഞ്ഞത് തലകുലുക്കി ബിനോയ് അന്ന് സമ്മതിച്ചു. മദ്യപാനത്തിന് ക്ഷണിക്കുമ്പോൾ നിർബന്ധിക്കണം എന്ന് നിബന്ധന വെക്കുന്ന കഥാപാത്രത്തെ സിനിമയിൽ ജഗതി ശ്രീകുമാർ ഒരിക്കൽ അവതരിപ്പിച്ചത് ഓർക്കുന്നു. അതായിരിക്കണം സിപിഐയും അഭിനയിച്ചതെന്ന് കരുതണം. വിഷയം മദ്യമാകുമ്പോൾ തൊട്ടുനക്കൽ ഒഴിവാക്കിയ ചരിത്രമേ ഇല്ല. കിട്ടിയ ടച്ചിങ്സ് എന്താണെന്ന് വെളിവായിട്ടില്ല. ബ്രുവറിയുടെ കാര്യമാണ്…. പതുക്കെയെ വരു… സാധാരണ എകെജി സെന്ററിൽ വിളിച്ചുവരുത്തിയാണ് സിപിഎം സിപിഐയെ വിളിച്ചുവരുത്തി അപമാനിക്കുന്നതെങ്കിൽ
ഇത്തവണ മുന്നണി യോഗത്തിൽ അവരുടെ താവളമായ എം എൻ ഗോവിന്ദൻ നായർ ഓഫീസിൽ തന്നെ നേരിട്ട് എത്തി അവരെ കാര്യങ്ങൾ ബോധിപ്പിക്കുന്നു സിപിഎമ്മിന് കഴിഞ്ഞു എന്നുള്ളതാണ് എടുത്തു പറയേണ്ട പ്രത്യേകത. സിപിഐ അവിടെ കീഴടങ്ങി പോയോ? കൂട്ടു കച്ചവടത്തിൽ എന്തെങ്കിലുമൊക്കെ തടഞ്ഞോ? എന്ന് വ്യക്തമല്ല എന്നാണ് സതീശൻ പറയുന്നത്. വ്യവസായിയെ തല്ലുമ്പോഴും തലോടുമ്പോഴും ലാഭം കിട്ടുന്ന ബിസിനസിൽ സിപിഎമ്മാണ് കേമന്മാർ. സിപിഐ ഇതൊന്നും കൊതിച്ചിട്ട് കാര്യമില്ല കേട്ടോ. കുഞ്ഞുണ്ണി മാഷിനെ കൂട്ടുപിടിക്കാം. കപടലോകത്തിൽ തങ്ങളുടെ കാപട്യം സകലരും കാൺവതാണ്. ശരിക്കും സിപിഐ തോറ്റുപോയി. പറയാതിരിക്കാൻ നിർവാഹമില്ല.
