വെഞ്ഞാറമൂട് കൊലപാതകങ്ങളുടെ മരവിപ്പിലാണ് കേരള സമൂഹം. എങ്ങനെ ഒരു മനുഷ്യന് ഇങ്ങനെയൊക്കെ ചെയ്യാനാകുമെന്നാണ് കേരളം ചോദിക്കുന്നത്. ഉത്തരം ചെന്നെത്തുക നമ്മളിലേക്ക് തന്നെയാണ്. മയക്കുമരുന്നിന്റെയും ലഹരിയുടെയും ലഭ്യത, നിയന്ത്രണമില്ലാത്ത ഇന്റര്‍നെറ്റ് സൗകര്യം, അക്രമങ്ങള്‍ വഴി ധീരരായി മാറുന്ന സിനിമകഥാപാത്രങ്ങള്, അക്രമപരമ്പരകളെ ചിത്രസഹിതം വിസ്തരിക്കുന്ന മാധ്യമങ്ങള്‍. എല്ലാം യുവതലമുറയെ നയിക്കുന്നത് ക്രൂരത നിറഞ്ഞ ജീവിതത്തിലേക്കാണ്.
വരുന്ന തലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആയിരിക്കും മയക്കുമരുന്നിന്റെയും ലഹരിയുടെയും സ്വാധീനം. മദ്യത്തിന്റെ ലഭ്യത കുറഞ്ഞതുകൊണ്ടാണ് മയക്കുമരുന്ന് പോലെയുള്ള ലഹരയിലേക്ക് യുവാക്കള്‍ പോകുന്നത് എന്നതായിരുന്നു അധികാരത്തിലേറും മുന്‍പ് എല്‍ഡിഎഫ് പറഞ്ഞുവെച്ചത്.
എന്നാല്‍ ഇന്ന് മദ്യം സുലഭമാണ്. മയക്കുമരുന്നടക്കമുള്ള ലഹരിവസ്തുക്കള്‍ക്ക് നിയന്ത്രണവുമില്ല. യഥേഷ്ടമാണ് ഇന്ന് കേരളത്തില്‍ മയക്കുമരുന്ന്. രാസലഹരി പിടിമുറുക്കുകയാണ് കേരളത്തിലെ യുവാക്കള്‍ക്കിടയില്‍. ഭരണകര്‍ത്താക്കള്‍ക്കും പ്രതിപക്ഷത്തിനും എല്ലാം അറിയാം. എന്നിട്ടും എന്തേ നടപടിയില്ലാത്തത്. വിമുക്തി പോലുള്ള പരിപാടികള്‍ തയ്യാറാക്കി അവതരിപ്പിച്ച് ഫോട്ടോ എടുത്ത് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചാല്‍ എല്ലാമായി എന്ന് പറയുന്ന പഴഞ്ചന്‍ ശൈലിയില്‍ നിന്നും ഭരണകര്‍ത്താക്കളും പോലീസും ഉദ്യോഗസ്ഥവൃന്ദവും മാറിയിട്ടില്ല എന്നത് വ്യക്തമാണ്. വിദ്യാലയങ്ങളും കോളേജുകളും കേന്ദ്രീകരിച്ചാണ് മയക്കുമരുന്നിന്റെ വില്പന തകൃതിയായി നടക്കുന്നത്.
മയക്കുമരുന്ന് മാഫിയയുടെ സ്വാധീനം ഉന്നതങ്ങളിലേക്കുമുണ്ടെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. അതില്ലാതെ ഇത്രക്ക് സ്വാധീനം ചെലുത്താന്‍ മയക്കുമരുന്ന് മാഫിയക്ക് കഴിയുന്നതിന് മറ്റ് കാരണമന്വേഷിക്കേണ്ടതില്ല. കഞ്ചാവുപോലെയുള്ള മയക്കമരുന്ന് വേട്ട ചെറിയതോതില്‍ നടക്കുന്നുണ്ടെങ്കിലും രാസലഹരി സങ്കേതങ്ങളിലേക്ക് പലപ്പോഴും അന്വേഷണം എത്താറില്ല. നമ്മുടെ യുവാക്കളെ ഏറെ സ്വാധീനിക്കുകയും അവരുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നതാണ് രാസലഹരി. അതുകൊണ്ടുതന്നെ അത് ഇല്ലാതാക്കേണ്ടതിന് ഇവിടെയുള്ള ഭരണസംവിധാനം ഉണര്‍ന്നെഴുന്നേറ്റേ മതിയാകൂ.
മറ്റൊരു വിപത്താണ് ഇന്റര്‍നെറ്റിന്റെ അമിത ഉപയോഗം. കൊച്ചുകുട്ടികള്‍വരെ ഇന്ന് ഇന്റര്‍നെറ്റിന് അടിമകളാണ്. കോവിഡ് കാലത്ത് ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിച്ചായിരുന്നു പഠനം മുന്നോട്ട് കൊണ്ടുപോയിരുന്നത്. എന്നാല്‍ കോവിഡ് ബീതി കഴിഞ്ഞെങ്കിലും വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നെറ്റിന്റെ ലോകത്തുനിന്നും മടങ്ങിവരാന്‍ തയ്യാറായില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പൊതു വിദ്യാഭ്യാസ വകുപ്പ് ഒരു മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ഇനി മുതല്‍ അദ്ധ്യാപകര്‍ ക്ലാസില്‍ നല്‍കേണ്ട നോട്ടുകളും പാഠഭാഗങ്ങളും സോഷ്യല്‍മീഡിയ വഴി കുട്ടികള്‍ക്ക് നല്‍കരുത് എന്നായിരുന്നു വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഇപ്പോഴും അദ്ധ്യാപകര്‍ നോട്ടുകളും സിലബസും ചോദ്യോത്തരങ്ങളും നല്‍കുന്നത് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ്. അതുകൊണ്ടുതന്നെ കുട്ടികള്‍ കൂടുതലായും ഇന്റര്‍നെറ്റിനെ ആശ്രയിച്ചാണ് വളരുന്നത്. ആത്മഹത്യ ചെയ്യേണ്ടതെങ്ങനെയെന്നും കൊലപാതകം ചെയ്യേണ്ടത് എങ്ങനെയെന്നും ഇന്റര്‍നെറ്റില്‍ നിന്ന് പഠിച്ചെടുക്കുകയാണ് ഇന്നത്തെ യുവത.
മലയാള സിനിമകള്‍ പലതും എട്ടുനിലയില്‍ പൊട്ടുമ്പോള്‍ ഈയടുത്ത് മറ്റൊരു സിനിമ വലിയ വിജയം നേടിയതായി വാര്‍ത്തകളില്‍ കണ്ടു. മാര്‍ക്കോ എന്ന വയലന്‍സ് സിനിമ വലിയ വിജയമാണ് നേടിയത്. അതിലുള്ള നായകന്റെ ക്രൂരതകള്‍ തന്നെയാണ് യുവാക്കളെ ആകര്‍ഷിച്ചതെന്ന് വ്യക്തം. ഇത്രയും ക്രൂരത കാണിക്കുന്ന സിനിമയിലെ നായകന് വീരപരിവേഷമാണ് ലഭിക്കുന്നത്. ഇത് നല്കുന്ന സന്ദേശമെന്താണ്. ഈ ക്രൂരത കുട്ടികള്‍, യുവാക്കള്‍ കണ്ട് പഠിക്കില്ലെന്നാണോ പറയേണ്ടത്. ആരാണ് ഇത്തരം സിനിമകള്‍ക്ക് അനുമതി നല്‍കുന്നത്. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ കൂട്ടത്തോടെ പോയാണ് ഈ സിനിമ കണ്ട് രസിക്കുന്നത്. ഇത് നല്കുന്ന സന്ദേശം ക്രൂരകൊലപാതകമല്ലാതെ മറ്റെന്താണ്. വെഞ്ഞാറമൂട് പോലെയുള്ള ദാരുണ സംഭവങ്ങള്‍ നടക്കുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതിയാകുമോ ഇതിനെല്ലാം പരിഹാരം കാണാന്‍.
കൊലപാതക പരമ്പര കിട്ടുമ്പോള്‍ പത്രങ്ങള്‍ക്ക് അതൊരവസരമാണ്. കൊലപാതകങ്ങളുടെ സമയം, സ്ഥലം, ചെയ്ത രീതി, ആയുധം വാങ്ങിയത് എവിടെ നിന്ന്, കൊലപാതക രീതി പഠിച്ചത് എവിടെ നിന്ന്, രക്ഷപ്പെടാന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ എല്ലാം പത്രമാധ്യമങ്ങളില്‍ ചിത്രസഹിതം വിവരിക്കും. ഇത് മാനസികമായി കേരളയുവതയെ സ്വാധീനിക്കില്ല എന്ന് ഉറപ്പ് പറയാനാകുമോ. ഒരു നിയന്ത്രണം പത്രമാധ്യമങ്ങള്‍ കൊണ്ടുവരേണ്ടതല്ലേ. എന്തിനാണ് ക്രൂരമായ ക1ലപാതകങ്ങളെ ഇങ്ങനെ വിവരിച്ച് സമൂഹമനസാക്ഷിയെ സ്വാധീനിക്കുന്നത്. ഒരു കുറ്റകൃത്യം ഇത്തരത്തില്‍ മാധ്യമങ്ങള്‍ നല്കിയാല് അവയുടെ സ്വാധീനം നിമിത്തം സമാനമായ കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ കുറച്ചുകാലത്തേക്കെങ്കിലും പ്രകടമായിരിക്കും എന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്. മാധ്യമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ വേണ്ടതല്ലേ. കുറ്റകൃത്യത്തിന്റെ ഗൗരവം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതോടൊപ്പം അത് ചെയ്യാതിരിക്കാനുള്ള സന്ദേശം നല്‍കാനും മാധ്യമങ്ങള്‍ക്ക് കഴിയണം.
കുറ്റകൃത്യങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ചര്‍ച്ചയാക്കേണ്ട വിഷയമല്ലിത്. സ്ഥിരമായ സംവിധാനം നമുക്ക് വേണം. യുവാക്കളുടെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ശക്തമായ സംവിധാനം ഭരണകര്‍ത്താക്കള്‍ നടപ്പിലാക്കിയേ മതിയാകൂ. മാത്രമല്ല വളര്‍ന്നുവരുന്ന തലമുറയുടെ മാനസികപ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ സംവിധാനം രൂപപ്പെടുത്താന്‍ നമുക്കാവണം. കുറ്റകൃത്യങ്ങള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം യുവതലമുറയെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചേ മതിയാകൂ.
