പാലക്കാട്: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ സന്ദർശിച്ച സംഭവത്തിൽ വിശദീകരണവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. സോണിയ ഗാന്ധിക്ക് പ്രസാദം നൽകാനാണ് പോറ്റി എത്തിയതെന്നും തന്റെ മണ്ഡലത്തിലെ വോട്ടർ ആയതുകൊണ്ടാണ് താൻ കൂടെപ്പോയതെന്നും അദ്ദേഹം പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. സന്ദർശനത്തിന് മുൻകൂറായി അനുമതി വാങ്ങിയിരുന്നുവെങ്കിലും അത് താൻ മുഖേനയല്ലെന്നും, സന്ദർശനത്തിന്റെ തലേദിവസം എംപി എന്ന നിലയിൽ കൂടെ വരണമെന്ന് പോറ്റി അഭ്യർത്ഥിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉണ്ണികൃഷ്ണൻ പോറ്റി ഒരു ‘കാട്ടുകള്ളനാണെന്ന്’ അന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
വിഷയത്തിൽ ഇടതുപക്ഷത്തിനെതിരെയും അടൂർ പ്രകാശ് കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. സന്ദർശനത്തിന് പിന്നിൽ പ്രവർത്തിച്ചത് സിപിഎം പാർലമെന്റ് അംഗമാണെന്നും, പേര് പരാമർശിച്ചില്ലെങ്കിലും ജോൺ ബ്രിട്ടാസ് എംപിയെ ലക്ഷ്യമിട്ട് അദ്ദേഹം സംസാരിച്ചു. ബിജെപിക്കും സിപിഎമ്മിനും ഇടയിൽ പാലമായി പ്രവർത്തിക്കുന്ന വ്യക്തിയാണിതെന്നും പോറ്റിയുടെ ഫോൺ രേഖകൾ പരിശോധിച്ചാൽ കൂടുതൽ സത്യങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കൊള്ളക്കേസിൽ തന്നെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വിളിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അത്തരത്തിൽ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് അധിക സീറ്റുകൾ ആവശ്യപ്പെടാൻ അവകാശമുണ്ടെന്നും യുഡിഎഫ് 100 സീറ്റിലധികം നേടി അധികാരത്തിൽ വരുമെന്നും അടൂർ പ്രകാശ് പ്രത്യാശ പ്രകടിപ്പിച്ചു.
