രാജ്യത്തെ വെടിക്കെട്ട് അപകടങ്ങൾ കണക്കിലെടുത്താണ് കേന്ദ്രം നിയമം മാറ്റുന്നത്.
തൃശൂർ: പൂരം വെടിക്കെട്ട് വിവാദത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വെടിക്കെട്ട് വിവാദം തരികിട പരിപാടിയാണെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. ദേവസ്വം ഭാരവാഹികളായ രാജേഷിനെയും ഗിരീഷിനെയും കേന്ദ്രമന്ത്രിമാരുടെ മുമ്പിൽ എത്തിച്ചതാണ്. രണ്ട് മണിക്കൂറാണ് ചർച്ച ചെയ്തത്. കാര്യങ്ങളെല്ലാം അവരെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്. സർക്കാരിന് നിയമപരമായി കാര്യങ്ങൾ ചെയ്യാനുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യത്തെ വെടിക്കെട്ട് അപകടങ്ങൾ കണക്കിലെടുത്താണ് കേന്ദ്രം നിയമം മാറ്റുന്നത്. നിയമം പുന:ക്രമീകരിക്കാൻ ശ്രമിച്ചപ്പോൾ കണ്ണൂരിൽ വെടിക്കെട്ട് അപകടം ഉണ്ടായി.വേലയ്ക്ക് വെടിക്കെട്ടിന് അനുമതി ലഭിക്കാൻ താൻ കൂടെ നിന്നു. ചില രാഷ്ട്രീയ സൗകര്യങ്ങൾക്ക് വേണ്ടി അവർ അതുമറച്ച് വെയ്ക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രസർക്കാരിൻറെ അനുമതി വൈകിയതോടെ തൃശ്ശൂർ പൂരം വെടിക്കെട്ട് അനിനിശ്ചിതത്വത്തിലയെന്നാണ് ഇരു ദേവസ്വങ്ങളും പറയുന്നത്. വെടിക്കെട്ട് സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രസർക്കാർ നടത്തിയ പെസോ നിയമ ഭേദഗതിയിൽ ഇളവ് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ കേന്ദ്രസർക്കാരിനെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വകുപ്പിന് കീഴിലുള്ള പെസോയാണ് ഭേദഗതിയിൽ ഇളവ് നൽകേണ്ടതെന്നും കഴിഞ്ഞ ദിവസം പാറമേക്കാവ് ദേവസ്വം പ്രസിഡൻറ്റ് രാജേഷ് പറഞ്ഞിരുന്നു.
അതേസമയം, പൂരത്തിന് കൊടി കയറാൻ ഇനി 31 ദിവസങ്ങൾ മാത്രം ശേഷിക്കുകയാണ് വെടിക്കെട്ടിൽ അനിശ്ചിതത്വം തുടരുന്നത്. 2024 ഒക്ടോബറിലാണ് വെടിക്കെട്ട് സംബന്ധിച്ച് കേന്ദ്രസർക്കാർ പെസോ നിയമ ഭേദഗതി നടത്തിയത്. ഫയർ ലൈനിലേക്ക് മാഗസിനിൽ നിന്ന് 200 മീറ്റർ അകലം എന്ന ഭേദഗതിയാണ് തൃശ്ശൂർ പൂരം വെടിക്കെട്ടിന് പ്രതിസന്ധി.
