സർക്കാർ ഫണ്ട് നിലയ്ക്കുകയും കരാറുകാർ പണി നിർത്തി വയ്ക്കുകയും ചെയ്തതോടെ കുടിവെള്ളത്തിനായി കാത്തിരിപ്പ് തുടരേണ്ട ഗതികേടിലാണ് ഗ്രാമീണ മേഖലകളിലെ അനേകായിരങ്ങൾ.
കോഴിക്കോട് : കോഴിക്കോട് കരുവട്ടൂര്‍ പഞ്ചായത്തിലെ 74 കാരി സരോജിനിയമ്മ 45,000 കോടിയുടെ ജൽജീവൻ ഒരു കുടിവെളള പദ്ധതി വരുന്നതായി കേൾക്കാൻ തുടങ്ങിയിട്ട് ഏറെയായി. അത് വന്നാൽ കുടിവെളളത്തിനുളള ദാരിദ്ര്യ മാറുമെന്നും അവർക്കറിയാം. അയൽവക്കത്തെ സുലോചനയും ജൽജീവൻ മിഷൻ ഒന്നു വന്നു കിട്ടാനായുള പ്രാർത്ഥനയിലാണ്. നിലവിൽ ഗ്രാമ പഞ്ചായത്ത് രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ നൽകുന്ന കുടിവെളളമാണ് ഏക ആശ്രയം. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനേക്കാൾ സൂക്ഷിച്ചാണ് കുടിവെള്ളം ഉപയോഗിക്കുന്നതെന്നും വീട്ടമ്മമാർ പറയുന്നു. ഗ്രാമീണ ജനതയ്ക്ക് കുടിവെളളമെത്തിക്കാനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ജൽജീവൻ മിഷൻറെ പൂർത്തീകരണത്തിനായി കാത്തിരിക്കുന്നവർ ഇങ്ങനെ അനേകായിരം പേരുണ്ട്. സർക്കാർ കണക്ക് പ്രകാരം തന്നെ കേരളത്തിൽ 70 ലക്ഷം കുടുംബങ്ങൾക്ക് കുടിവെളളമെത്തിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ ഇതുവരെ 20 ലക്ഷത്തിൽ താഴെ കുടുംബങ്ങൾക്ക് മാത്രമേ വെളളമെത്തിക്കാനായിട്ടുളളൂ. അപ്പോഴാണ് സർക്കാരിൻറെ സാമ്പത്തിക സ്ഥിതി വില്ലനായതും കരാറുകാർ പണി നിർത്തിവച്ചതും.
