
‘ദലിതൻ’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്
കോട്ടയം: ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച് അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.10.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. അർബുദ ബാധിതനായി ഏറെക്കാലമായി ചികിത്സ നടത്തിവരികയായിരുന്നു. 76 വയസായിരുന്നു. 1949ൽ കോട്ടയത്തെ കല്ലറയിലാണ് ജനനം.കേരളത്തിലെയും ഇന്ത്യയിലെയും ദളിത്- കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവരുടെ അവകാശങ്ങൾ നേടിയെടുക്കാനും നിരന്തരം എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത ചിന്തകനാണ് കെ കെ കൊച്ച് .
2021ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായിട്ടുണ്ട്. കൊച്ചിന്റെ ദലിതൻ എന്ന ആത്മകഥ ഏറെ നിരൂപകപ്രശംസ നേടി. ബുദ്ധനിലേക്കുള്ള ദൂരം, ഇടതുപക്ഷമില്ലാത്ത കാലം, ദളിത് പാഠം, കലാപവും സംസ്കാരവും ദേശീയതയ്ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സമൂഹരൂപീകരണവും തുടങ്ങിയവാണ് പ്രധാന കൃതികൾ. കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയൻ, മനുഷ്യാവകാശ സമിതി എന്നിവയ്ക്ക് നേതൃത്വം നൽകി. 1986 ൽ സീഡിയൻ സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയൻ വാരികയുടെ പത്രാധിപരുമായിരുന്നു.