
ഗുളികകൾ അമിതമായി കഴിച്ചാണ് ആനന്ദൻ ആത്മഹത്യാ ശ്രമം നടത്തിയത്
പത്തനംതിട്ട: കോന്നി റീജിയണൽ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും പത്ത് ലക്ഷം നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനേത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച നിക്ഷേപകന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കോന്നി പയ്യനാമൺ സ്വദേശി ആനന്ദൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്ററിലാണ്. കഴിഞ്ഞ ദിവസം ബാങ്കിൽ നിന്നും പലിശ വാങ്ങിയ ശേഷം വീട്ടിൽ വന്നാണ് ആനന്ദൻ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുളികകൾ അമിതമായി കഴിച്ചാണ് ആനന്ദൻ ആത്മഹത്യാ ശ്രമം നടത്തിയത്. നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനേത്തുടർന്ന് കഴിഞ്ഞ നവംബറിൽ ആനന്ദനും ഭാര്യയും ബാങ്കിൽ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. ഗഡുക്കളായി നിക്ഷേപത്തുക മടക്കി നൽകാമെന്ന് ബാങ്ക് അധികൃതർ അറിയിച്ചിരുന്നെങ്കിലും തുക ലഭിക്കാതിരുന്നതിനേത്തുടർന്നാണ് പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ആനന്ദൻ്റെ മകൾ ബിന്ദു പറഞ്ഞിരുന്നു. ബാങ്കിലെ സാമ്പത്തിക പ്രതിസന്ധി മൂലം നിക്ഷേപത്തുക ഒരുമിച്ച് നൽകാൻ കഴിയില്ലെന്ന് ബാങ്ക് അധികൃതരും വ്യക്തമാക്കിയിരുന്നു.
അതേസമയം, ആനന്ദന്റെ ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഇന്നലെ പ്രതിഷേധ സമരം നടത്തിയിരുന്നു. ബാങ്ക് ഭരണ സമിതി നിക്ഷേപകരെ ആത്മഹത്യയിലേക്ക് തള്ളി വിടുകയാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. എന്നാൽ ആനന്ദൻ കഴിഞ്ഞ ദിവസം കോന്നി ആനന്ദന് ബാങ്കില്‍ വന്നിരുന്നതായി ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് അഞ്ജലി പ്രതികരിച്ചു. പലിശ വാങ്ങി ആനന്ദന് മടങ്ങിപ്പോയതായും അവർ വ്യക്തമാക്കി.