വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തെ തുടർന്ന് പ്രതി അഫാന്റെ അച്ഛൻ അബ്ദുൾ റഹീം ഏഴ് വർഷത്തിന് ശേഷം ജന്മനാട്ടിൽ മടങ്ങിയെത്തിയത് പ്രിയപ്പെട്ടവരുടെ ഖബറിടത്തിലേക്ക്. താഴെ പാങ്ങോടുള്ള ജുമാ മസ്ജിദിലെ പള്ളിപ്പറമ്പിലെത്തി ആദ്യം ചോദിച്ചത് തന്റെ പ്രിയപ്പെട്ട ഇളയ മകന്റെ ഖബർ എവിടെ എന്നാണ്. തന്റെ ഉറ്റവരെല്ലാം ഒരേ ഖബറിടത്തിൽ വിശ്രമിക്കുന്നു. മകന്റെ നെറ്റിയിൽ മുത്തം നല്കാനാവാതെ വെന്തുനീറുന്ന നിസ്സഹായനായ അബ്ദുൾ റഹീമിന് അവസാനമായി അവർക്കായി നൽകാൻ കൈയിൽ ഉണ്ടായിരുന്നത് കണ്ണീരിൽ കുതിർന്ന പ്രാർത്ഥന മാത്രമായിരുന്നു. അവനെയെങ്കിലും വെറുതേ വിടാമായിരുന്നില്ലേയെന്ന് റഹീം വിതുമ്പലോടെ ചോദിക്കുന്നു. താഴെ പാങ്ങോട് കുടുംബ വീട്ടിൽ എത്തിയ ശേഷമാണ് പള്ളിയിലെ കബറിടത്തിൽ അബ്ദുൽ റഹീം എത്തിയത്.
ഇന്ന് രാവിലെ ദമാമിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ റഹീം ബന്ധുക്കൾക്കൊപ്പം ശ്രീ ഗോകുലം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമിയെ ആണ് ആദ്യം കണ്ടത്. കട്ടിലിൽ നിന്ന് വീണ് പരുക്കേറ്റെന്നാണ് ഷെമി റഹീമിനോട് പറഞ്ഞത്. ഇളയമകൻ അഫ്സാനെ കാണണം എന്ന് പറഞ്ഞ ആ ഉമ്മ കൊലപാതകങ്ങളെല്ലാം നടത്തിയ മൂത്ത മകൻ അഫാനെയും അന്വേഷിച്ചു.
സാമ്പത്തിക ബാധ്യതയും തുടർന്നുണ്ടായിട്ടുള്ള ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകളുമാണ് 23 കാരനായ പ്രതിയെ ഈ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നാണ് അഫാൻ മൊഴി നൽകിയത്. 14 പേരിൽ നിന്നായിട്ടാണ് അഫാന് 65 ലക്ഷം രൂപ കടം വാങ്ങിയത്. വീട് വിറ്റ് കടം വീട്ടാനും അഫാന് ശ്രമിച്ചു. കടം കൈകാര്യം ചെയ്തത് ഉമ്മ ഷെമിയും അഫാനും ഒരുമിച്ചായിരുന്നു. എന്നാൽ 15 ലക്ഷം രൂപ മാത്രമാണ് കടമുള്ളതെന്ന് പിതാവും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
പത്ത് മാസത്തോളം അഫാനും റഹീമിനോപ്പം സന്ദർശക വിസയിൽ സൗദിയിൽ ഒപ്പമുണ്ടായിരുന്നു. അടുത്ത ദിവസങ്ങളിലൊന്നും അഫാനെ ഫോണിൽ കിട്ടിയിരുന്നില്ല. ഇടക്കൊക്കെ കാശിന് വേണ്ടി ഭാര്യയുടെ അടുത്ത് വഴക്കിടാറുണ്ടെന്നും റഹീം പറഞ്ഞു. ദമാമിൽ ബിസിനസ് ചെയ്തിരുന്ന അബ്ദുൾ റഹീം വാഹനങ്ങളുടെ പാർട്സുകൾ വിൽക്കുന്ന കട നടത്തിവരികയായിരുന്നു. കട നഷ്ടത്തിലായതോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടങ്ങി. തീർത്തും പിടിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥ. ഇഖാമ കാലാവധി തീർന്ന് രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുകയായിരുന്നു.
കുടുംബാംഗങ്ങളായ നാലു പേരടക്കം അഞ്ചു പേരെയാണ് അഫാൻ കൊലപ്പെടുത്തിയത്. അഫാന്റെ മുത്തശ്ശി സൽമാബീവി (95), സഹോദരൻ അഫ്സാൻ (13), പിതൃസഹോദരൻ അബ്ദുൽ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാബീവി (55), വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശിയുംപെൺ സുഹൃത്തുമായ ഫർസാന (22) എന്നിവരാണ് കൊല്ലപ്പെട്ടത്. കടബാധ്യതയ്ക്ക് കാരണം അമ്മയാണെന്ന് നിരന്തരം കുറ്റപ്പെടുത്തിയതാണ് മുത്തശ്ശി സൽമാബീവിയെ കൊല്ലപ്പെടുത്താനുള്ള കാരണമായി പറയുന്നത്. പുതിയ ബൈക്ക് വാങ്ങിയതിൽ ഉൾപ്പെടെ തന്നെ നിരന്തരമായി കുറ്റപ്പെടുത്തിയതിനാണ് പിതൃസഹോദരൻ ലത്തീഫിനെ കൊന്നത്. ലത്തീഫിൻ്റെ ഭാര്യ ഷാജിത ബീവിയെ കൊല്ലണമെന്ന ലക്ഷ്യമുണ്ടായിരുന്നില്ല. എന്നാൽ ലത്തീഫിന്റെ കൊലപാതക വിവരം പുറത്തു പറഞ്ഞാൽ തുടർ കൊലപാതകങ്ങൾ തടസ്സപ്പെട്ടാലോ എന്ന് കരുതി സജിതാബീവിയെയും കൊന്നുവെന്നായിരുന്നു അഫാന്റെ മൊഴി.
അമ്മ ഷെമിയെ ആക്രമിച്ചതും, സൽമാ ബീവി, ലത്തീഫ് ഭാര്യ ഷാജിത ബീവി എന്നിവരെ കൊല ചെയ്തതായി ഫർസാനയോട് അഫാൻ അവസാനമായി പറഞ്ഞിരുന്നു. സാമ്പത്തിക ബാധ്യതയും കൊലപ്പെടുത്തുന്നതിന് മുൻപ് ഫർസാനയെ അറിയിച്ചു. ഇനി എങ്ങനെ ജീവിക്കുമെന്ന് കരഞ്ഞു കൊണ്ട് ഫർസാന ചോദിച്ചതിന് പിന്നാല ചുറ്റിക കൊണ്ട് ക്രൂരമായി അടിച്ച് കൊന്നു. കൊല ചെയ്യുന്നതിന് മുൻപ് സഹോദരൻ അഫ്സാനോടും ഇക്കാര്യങ്ങൾ പറഞ്ഞു. ഇരുവരെയും കൊലപ്പെടുതാനുള്ള ധൈര്യം ലഭിക്കാനാണ് മദ്യപിച്ചതെന്നും അഫാൻ പാങ്ങോട് പൊലീസിൽ മൊഴി നൽകി.
