എറണാകുളം- കൊച്ചി നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസുകാരിയായ പെൺകുട്ടിക്ക് ഡയറി മിൽക്കിൽ ലഹരി ചേർത്ത് നൽകി പീഡിപ്പിച്ചു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടാണ് ലഹരി നൽകി പീഡനത്തിന് ഇരയാക്കിയത്. രക്ഷിതാക്കൾ കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട് കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംഘം തന്നെയാണ് കൊച്ചി നഗരത്തിലെ വിവിധ സ്കൂളുകളിൽ കുട്ടികൾക്ക് നിരോധിത ലഹരി വസ്തുക്കൾ എത്തിച്ചു നൽകുന്നതെന്ന് വിവരവും പെൺകുട്ടി രക്ഷിതാവിനോട് പറഞ്ഞു. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും ബോർഡിൽ ഹാജരാക്കിയതോടെ ജാമ്യം ലഭിച്ചു.
കൊച്ചി നഗരത്തിൽ ഇയാളുടെ നേതൃത്വത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഒരു വൺ സംഘമാണ് ലഹരി കച്ചവടത്തിനും പുതിയ ഇരകളെ കണ്ടെത്തുന്നതിനും ആയി പ്രവർത്തിക്കുന്നത്. വാട്സാപ്പിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമാണ് ലഹരി സംഘത്തിലേക്ക് പുതിയ ആളുകളെ കണ്ടെത്തുന്നത്. പെൺകുട്ടിയെ ഉപദ്രവിച്ച വിവരമറിഞ്ഞ് പ്രതിയുടെ വീട്ടിലെത്തിയ പിതാവിനോട് സ്ഥലത്തുനിന്ന് മാറിയില്ലെങ്കിൽ കൊന്നുകളയും എന്ന ഭീഷണിയാണ് ഉണ്ടായത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംഘമായതിനാൽ തങ്ങൾ നിസ്സഹായരാണ് എന്നാണ് പോലീസും പറയുന്നത്.
എളമക്കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രായപൂർത്തിയാകാത്ത സംഘം കൊച്ചി നഗരത്തിലെ വിവിധ സ്കൂളുകളിൽ കുട്ടികൾക്ക് ലഹരിവസ്തുക്കൾ എത്തിച്ചു നൽകുന്നുണ്ട് എന്ന വിവരവും പുറത്തുവന്നു.
