ചെറുതോണി(ഇടുക്കി): മുരിക്കാശ്ശേരി നേർച്ചപ്പാറ കുരിശുമലയിലെ സർക്കാർ പുറമ്പോക്കിൽ അരയേക്കറോളം സ്ഥലത്ത് കൃഷിചെയ്തിരുന്ന 80 കഞ്ചാവ് ചെടികൾ ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കണ്ടെത്തി നശിപ്പിച്ചു. പത്തുവർഷത്തിനിടെ ഇടുക്കിയിൽ കണ്ടെത്തിയ ഏറ്റവുംവലിയ കഞ്ചാവ് തോട്ടമാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഞ്ചാവ് വിൽപ്പനക്കാരൻ്റെ വീട്ടിൽനിന്ന് കണ്ടെത്തിയ കഞ്ചാവ് വിത്തുകളാണ് വഴിത്തിരിവായത്.
മുരിക്കാശ്ശേരിക്ക് സമീപം നേർച്ചപ്പാറയിൽ എള്ളുംപുറത്ത് വിനോദിൻ്റെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയത്. ഇയാളുടെ വീട്ടിൽനിന്ന് 2.1 കിലോഗ്രാം ഉണക്ക കഞ്ചാവും, മൂന്ന് ഗ്രാം ചരസും, 155 ഗ്രാം കഞ്ചാവ് വിത്തുകളും കണ്ടെത്തി. ഇവയുടെ ഉറവിടം കണ്ടെത്താനായി വിനോദിനെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൃഷിയുടെ വിവരം ലഭിച്ചത്.
വീട്ടിൽനിന്ന് അരകിലോമീറ്ററോളം അകലെ മനുഷ്യസാന്നിധ്യമില്ലാത്ത നേർച്ചപ്പാറ കുരിശുമലയുടെ ചരുവിൽ പാറക്കെട്ടുകൾക്കിടയിലെ സ്ഥലത്താണ് കഞ്ചാവുതോട്ടം കണ്ടെത്തിയത്. 30 തടങ്ങളിലായാണ് കൃഷിചെയ്തിരുന്നത്.
വിളവെടുപ്പിന് പാകമായ നിലയിലായിരുന്നു. ചെടികൾക്ക് 1.4 മീറ്റർ മുതൽ 2.9 മീറ്റർ വരെ ഉയരമുണ്ടായിരുന്നു. ഘട്ടം ഘട്ടമായി വിളവെടുക്കുന്ന കഞ്ചാവ് ‘ഇടുക്കി ഗോൾഡ്’ എന്ന പേരിൽ ചെറുപൊതികളാക്കി മുരിക്കാശ്ശേരി, പതിനാറാംകണ്ടം ഭാഗങ്ങളിൽ വിനോദ് വിൽപ്പന നടത്തിയിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇടുക്കി സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ആർ.പി. മിഥിൻ ലാലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥരായ വിജയകുമാർ, നെബു, സിജുമോൻ, പി. അനൂപ്, ജോസഫ്, ആൽബിൻ, അനന്ദു, സിന്ധു, പി.കെ. ശശി എന്നിവർ പങ്കെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.
