ഇന്നലെ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് തടഞ്ഞ് നാട്ടുകാർ. കൊല്ലപ്പെട്ടവരുടെ വീട്ടിലെത്തിയ എം വി ജയരാജൻ അടക്കമുള്ള ഇടത് നേതാക്കളെയും നാട്ടുകാർ തടഞ്ഞു. കൊല്ലപ്പെട്ടവരുടെ വീട്ടിലേക്കുള്ള വഴി പൂർണമായും പ്രതിഷേധക്കാർ വലിയ കല്ലുകളും മരക്കമ്പുകളും കൊണ്ട് തടഞ്ഞിരിക്കുകയാണ്. വീട്ടിലേക്ക് ആരെയും കടത്തിവിടില്ലെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് നാട്ടുകാർ. തങ്ങളുടെ പ്രശനങ്ങൾക്ക് പരിഹാരം കാണാതെ പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് നാട്ടുകാരുള്ളത്.
ആറളം ഫാമിനോട് ചേർന്നുള്ള വനമേഖലയിൽ തീപിടുത്തം ഉണ്ടായതിനെത്തുടർന്ന് തീയണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് സംഘത്തെ പോലും പ്രതിഷേധക്കാർ കടത്തി വിട്ടില്ല.വനം മന്ത്രിയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ചർച്ച നടത്തി ഉചിതമായ പരിഹാരം കാണുന്നത് വരെ പ്രദേശത്ത് പ്രതിഷേധം തുടരുമെന്ന് നാട്ടുകാർ വ്യക്തമാക്കി. ആറളം ഫാം പുനരധിവാസ മേഖലയാക്കിയതിനു ശേഷം 16 ജീവനുകളാണ് പൊലിഞ്ഞത്. ആദിവാസി ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ഈ പ്രദേശത്ത് നിന്നാണെന്നും അല്ലാതെ രാഷ്ട്രീയ പ്രതിനിധികളുമായി പഞ്ചായത്ത് ഓഫിസിൽ അല്ല ചർച്ചകൾ നടത്തേണ്ടതെന്നും പ്രതിഷേധക്കാർ പറയുന്നു. ആന മതിൽ നിർമ്മിക്കുന്നതിലെ കാലതാമസമാണ് ജനവാസമേഖലയിലേക്ക് കാട്ടാനകൾ എത്താൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചിരുന്നു. 37.9 കോടി രൂപ ചെലവിൽ പത്തരകിലോമീറ്റർ ദൂരമാണ് ആന മതിൽ നിർമ്മിക്കേണ്ടത്.
ഇന്നലെയാണ് ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നത്. ആറളം ഫാം ബ്ലോക്ക് 13ലാണ് സംഭവം. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇരുവരും കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് ഇരുവരെയും കാട്ടാന ചവിട്ടിക്കൊന്നത്. ആർആർടി ഓഫീസിന് തൊട്ടടുത്താണ് 13-ാം ബ്ലോക്ക്. ആർആർടി ഓഫീസിൽ നിന്ന് 600 മീറ്റർ അപ്പുറത്താണ് സംഭവം നടന്നത്. പ്രദേശത്ത് എല്ലാ ദിവസവും ആനയുടെ ആക്രമണമുണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി.
