എറണാകുളം: അതിരപ്പിള്ളിയിൽ നിന്ന് കോടനാട്ടെ അഭയാരണ്യത്തിൽ എത്തിച്ച കാട്ടാനയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു. ആന തീറ്റയെടുത്ത് തുടങ്ങിയത് ശുഭസൂചനയാണെന്നും വനംവകുപ്പ് അറിയിച്ചു. ഇപ്പോഴും 30ശതമാനം സാധ്യത മാത്രമാണ് ആന സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വരാൻ അവശേഷിക്കുന്നതെന്നാണ് വനംവകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ വിലയിരുത്തല്‍. ഇലകളും പുല്ലുമാണ് കഴിച്ചുതുടങ്ങിയത്. പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ കൊമ്പന് ശാന്തനായി തുടരുകയാണെ വനംവകുപ്പ് അറിയിച്ചു.
ഡോക്ടർ അരുൺ സക്കറിയ ഇന്ന് വീണ്ടും ആനയുടെ ആരോഗ്യനില വിലയിരുത്തും.
മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ ഇന്നലെ 7.15 ഓടെയാണ് മയക്കുവെടിവെച്ചത്. പിന്നാലെ 15 മിനിറ്റിനുള്ളിൽ ആന നിലത്തേക്ക് വീണു. പരിക്കേറ്റ് അവശ നിലയിലുള്ള ആന മയക്കുവെടിയേറ്റ് വീണത് ആശങ്ക ഉയര്‍ത്തിയിരുന്നെങ്കിലും പ്രാഥമിക ചികിത്സയ്ക്കുശേഷം കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എഴുന്നേൽപ്പിക്കാനായി. തുടര്‍ന്ന് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ അനിമൽ ആംബുലന്‍സിലേക്ക് മാറ്റിയശേഷമാണ് കോടനാടിലെത്തിച്ചത്.
മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകുന്ന ദൗത്യം പൂർണ വിജയമെന്ന് പറയാനായിട്ടില്ല ഒരു അടിയോളം ആഴത്തിലുള്ളതാണ് ആനയുടെ തലയിൽ കണ്ടെത്തിയ മുറിവെന്നും ആന ആരോഗ്യവാനായാൽ മാത്രമേ ദൗത്യം വിജയകരമാകുവെന്നും ഡോ. അരുൺ സക്കറിയ പറഞ്ഞു.
