തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയുടെ അന്ത്യശാസനം അവഗണിച്ചും പൊലീസ് വാഹനങ്ങൾ ഗതാഗത നിയമലംഘനങ്ങള്‍ തുടരുന്നു. നാലായിരത്തോളം നോട്ടീസുകളാണ് എഐ ക്യാമറ സ്ഥാപിച്ചതിനുശേഷം പൊലീസ് ആസ്ഥാനത്തേക്കെത്തിയത്. ഹെൽമെറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റിടാതെയും യാത്ര ചെയ്ത പൊലീസുകാർ നോട്ടീസ് കിട്ടിയിട്ടും പിഴ അടക്കുന്നില്ല. നിയമലംഘകർ പണമടക്കണമെന്ന ഡിജിപിയുടെ ഉത്തരവ് പാടെ അവഗണിച്ചുകൊണ്ടാണ് പൊലീസുകാര്‍ ട്രാഫിക് നിയമലംഘനം തുടരുന്നത്.
എഐ ക്യാമറകള്‍ വെയ്ക്കുന്നതിന് മുമ്പ് പൊലീസുകാരും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുമാണ് നിരത്തിൽ പെറ്റി പിരിച്ചിരുന്നത്. കാക്കിയിട്ടവരുടെ നിയലംഘനങ്ങള്‍ പലപ്പോഴും പെറ്റിപ്പിരിവുകാർ കണ്ണടച്ചുകൊടുക്കുമായിരുന്നു. പഴയതരം ക്യാമറയിൽപ്പെടുന്ന നിയമലംഘനങ്ങള്‍ക്ക് പിഴയിടാക്കാറുമുണ്ടായിരുന്നില്ല. എന്നാൽ,എഐ വന്നതോടെ കളിമാറി. പൊലീസെന്നോ പൊതുജനമെന്നോ പുതിയ ക്യാമറക്കില്ല. എല്ലാ പൊലീസ് വാഹനങ്ങളും ഡിജിപിയുടെ പേരിലാണ് രജിസ്റ്റർ ചെയ്യുന്നത്. അതോടെ പൊലീസ് ആസ്ഥാനത്തേക്ക് നോട്ടീസുകളുടെ പ്രവാഹമായത്.
