കേരള ഫിനാൻഷ്യൽ കോർപറേഷൻ്റെ വികസനത്തിനും പുരോഗതിയ്ക്കുമായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്ത് കെ എഫ് സി ഓഫീസേഴ്സ് അസോസിയേഷനും കെ എഫ് സി എമ്പ്ലോയീസ് അസോസിയേഷനും. സംഘടനകളുടെ സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ സർക്കാരിനുള്ള ഓഹരി മൂലധനം 600 കോടി രൂപയിൽ നിന്നും 800 കോടി രൂപയായി വർധിപ്പിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ അനുവദിച്ച 200 കോടി രൂപയടക്കം 500 കോടി രൂപയാണ് ഈ സർക്കാരിൻ്റെ കാലയളവിൽ കെ എഫ് സിയിൽ നിക്ഷേപിച്ചത്. ഇതുകൂടാതെ സംസ്ഥാനത്തെ ടൂറിസം വികസനത്തെ പ്രോൽസാഹിപ്പിക്കുന്നതിനായി വലിയ ഹോട്ടലുകൾ നിർമിക്കുന്നതിന് 2 ശതമാനം പലിശയിളവിൽ 50 കോടി രൂപ വരെയുള്ള വായ്പാ പദ്ധതിയും കെ എഫ് സി വഴി നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് ഈടില്ലാതെ 5.6 ശതമാനം പലിശനിരക്കിൽ വായ്പ നൽകുന്ന കെ എഫ് സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതിയുടെ വായ്പാ പരിധി 10 കോടി രൂപയിൽ നിന്നും 15 കോടി രൂപയായി ഉയർത്തുമെന്നും ധനകാര്യവകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു.
ധനകാര്യസേവനങ്ങളിൽ ഐടി സാങ്കേതിക വിദ്യയും ക്ലൗഡ് സേവനങ്ങളും ഉപയോഗപ്പെടുത്തുന്ന ഫിൻടെക് സെക്ടറിൻ്റെ വികസനത്തിനായി കെഎഫ്സിയെയും കെഎസ്എഫ്ഇയെയും ഉൾപ്പെടുത്തി പദ്ധതികൾ ആവിഷ്കരിക്കുന്നതിന് ബജറ്റിൽ പത്തുകോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്വന്തമായി ഭൂമി കൈവശമുള്ളതും നൂറിൽ കൂടുതൽ പേർക്ക് തൊഴിലവസരം നൽകാൻ കഴിയുന്നതും ചുരുങ്ങിയത് മൂന്നുവർഷമെങ്കിലും വിജയകരമായി പ്രവർത്തിച്ചുവരുന്നതുമായ ഒരു സ്റ്റാർട്ടപ്പ് അല്ലെങ്കിൽ MSME സ്ഥാപകന് സ്വന്തം ഭൂമിയിൽ കോ-വർക്കിങ് സ്പേസുകൾ നിർമിക്കാൻ സർക്കാർ 10 കോടി രൂപ വരെ 5 ശതമാനം പലിശനിരക്കിൽ വായ്പ നൽകുമെന്നും ഇങ്ങനെ സ്ഥാപിക്കുന്ന കോ-വർക്കിങ് സ്പേസുകളുടെ 90 ശതമാനവും രണ്ട് വർഷങ്ങൾക്കുള്ളിൽ ഉപയോഗിച്ച് തുടങ്ങുകയും ആനുപാതികമായ തൊഴിലുകൾ സൃഷ്ടിക്കുകയും ചെയ്താൽ പലിശയുടെ ഒരുഭാഗം ഇളവ് ചെയ്തു കൊടുക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഈ പദ്ധതിയുടെ പലിശയിളവിനായി കെഎഫ്സിക്ക് 10 കോടി വകയിട്ടുമുണ്ട്.
ഇത്തരത്തിൽ സംസ്ഥാനത്തിൻ്റെ വ്യവസായമേഖലയെ പ്രോൽസാഹിപ്പിക്കുകയും സാമ്പത്തികസ്ഥിതിയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നതരത്തിൽ കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴി പദ്ധതികൾ പ്രഖ്യാപിക്കുകയും സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണ കുടിശികയുടെ 2 ഗഡുവും ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ/ഡിആർ ഒരു ഗഡുവും അനുവദിക്കുകയും ചെയ്ത ധനകാര്യമന്ത്രിയുടെയും സർക്കാരിൻ്റെയും നിലപാടുകൾ സ്വാഗതാർഹമാണെന്ന് കെ എഫ് സി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ഡി കെ മുരളി എം എൽ എ, സെക്രട്ടറി പി പ്രസാദ് കെ എഫ് സി എമ്പ്ലോയീസ് അസോസിയേഷൻ പ്രസിഡൻ്റ് ക്ലൈനസ് റൊസാരിയോ, പി അജികുമാർ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
