ക്രിസ്മസ്-ന്യൂഇയര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 20 കോടിക്ക് അര്‍ഹമായ ഉടമ വ്യക്തിഗത വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്ന വ്യവസ്ഥയോടെ ലോട്ടറി ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കി. ഇരിട്ടി ഫെഡറല്‍ ബാങ്കിലെത്തി ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ക്കാണ് ടിക്കറ്റ് കൈമാറിയത്.
ലോട്ടറി ടിക്കറ്റ് ബാങ്കിന്റെ ലോക്കറിലേക്ക് മാറ്റിയതായും വ്യക്തിഗത വിവരങ്ങള്‍ കൈമാറാനാകില്ലെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
ബുധനാഴ്ചയാണ് തിരുവനന്തപുരം ഗോര്‍ഗി ഭവനിൽ വെച്ച് സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-ന്യൂഇയര്‍ ബംബറിന്റെ നറുക്കെടുത്തത്. മുത്തു ലോട്ടറിയുടെ ഇരിട്ടി ശാഖയില്‍ നിന്നും അനീഷ് എന്ന ഏജന്റ് വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. XD387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് അര്‍ഹമായത്. രണ്ടാംസമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിച്ചത്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കുമാണ് ലഭിക്കുക.
