കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കും. സ്ഥാനാര്‍ഥിയാകണമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യത്തോട് മുല്ലപ്പള്ളി സമ്മതം അറിയിച്ചിട്ടുണ്ട്. കൊയിലാണ്ടിയിലോ നാദാപുരത്തിലോ ആയിരിക്കും അദ്ദേഹം മത്സരിക്കുകയെന്നാണ് നിലവിലെ സൂചന.
കൊയിലാണ്ടി മണ്ഡലത്തിനായാണ് മുല്ലപ്പള്ളി ശക്തമായി നിലപാട് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍കുമാറും കൊയിലാണ്ടി ലക്ഷ്യമിടുന്നതിനാല്‍ മുല്ലപ്പള്ളിക്കായി നാദാപുരം കൂടി പാര്‍ട്ടി പരിഗണനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാദാപുരത്ത് മത്സരിച്ചാല്‍ ഈഴവ, മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസ് അനുകൂലമായി മാറുമെന്ന വിലയിരുത്തലുമുണ്ട്. എന്നാല്‍ കൊയിലാണ്ടി ലഭിക്കാത്ത പക്ഷം മത്സരിക്കില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി എന്നാണ് സൂചന.
മണ്ഡലം ഏതെന്ന് സംബന്ധിച്ച വ്യക്തത വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നാദാപുരം മണ്ഡലത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ലഭിച്ചിരുന്നു. ഇതിന് ഇടയിലാണ് നാദാപുരം നിയോജകമണ്ഡലത്തില്‍ മുല്ലപ്പള്ളിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
നാദാപുരത്ത് മുല്ലപ്പള്ളി രാമചന്ദ്രന് സ്ഥാനാര്‍ഥിയായാല്‍ “നിലംതൊടാതെ തോല്‍പ്പിക്കും” എന്ന മുന്നറിയിപ്പാണ് ‘സേവ് കോണ്‍ഗ്രസ്’ എന്ന പേരില്‍ പതിച്ച പോസ്റ്ററുകളില്‍ ഉള്ളത്. നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ടെന്നും, ഏഴ് തവണ എംപിയും രണ്ട് തവണ കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡന്റും എഐസിസി സെക്രട്ടറിയുമായ നേതാവിന് ഇനിയും അധികാരമോഹം തീര്‍ന്നില്ലേയെന്നും പോസ്റ്ററുകളില്‍ ചോദിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം നഷ്ടപ്പെടാന്‍ കാരണക്കാരനായത് മുല്ലപ്പള്ളിയാണെന്നും, ഇനിയും അദ്ദേഹം വിശ്രമജീവിതം തുടരട്ടെയെന്നും പോസ്റ്ററുകളില്‍ ആരോപിക്കുന്നു.
മുതിര്‍ന്ന നേതാക്കളെയും സജീവമായി പരിഗണിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. മുല്ലപ്പള്ളിക്ക് പുറമെ വി.എം. സുധീരന്, കെ. സുധാകരന് എന്നിവരെയും മത്സരിപ്പിക്കാനുള്ള ആലോചനകള്‍ പാര്‍ട്ടിക്കുണ്ട്. എന്നാല്‍ താന്‍ മത്സര രംഗത്തില്ലെന്ന് വി.എം. സുധീരന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
