കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സിറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തി. ഇന്നലെ രാത്രി 9.15ഓടെയാണ് അദ്ദേഹം സഭാ ആസ്ഥാനത്തെത്തിയത്. സിനഡ് സമ്മേളനം പുരോഗമിക്കുന്നതിനിടെയായിരുന്നു സന്ദര്‍ശനം.
മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി വി.ഡി. സതീശന് ഏകദേശം ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് നടന്ന അത്താഴ വിരുന്നിലും അദ്ദേഹം പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സഭാ ആസ്ഥാനത്തെത്തി നടത്തിയ ഈ കൂടിക്കാഴ്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.
പ്രതിപക്ഷ നേതാവായതിന് ശേഷം വി.ഡി. സതീശന് നടത്തിയ വിവിധ ഇടപെടലുകള്‍ കേരളത്തിലെ ക്രൈസ്തവ സഭകളുടെ പിന്തുണ യുഡിഎഫിന് ലഭിക്കുന്നതില്‍ നിര്‍ണായകമായി സഹായിച്ചതായാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ഏകദേശം 200ഓളം ക്രൈസ്തവ വേദികളിലാണ് സതീശന് പങ്കെടുത്തിട്ടുള്ളത്.
