കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ വലിയ അദ്ഭുതങ്ങള്‍ സംഭവിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. കേരളം ഇതുവരെ കണ്ടതില്‍ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്ലാറ്റ്ഫോം യു.ഡി.എഫിന് രൂപപ്പെടുത്താന്‍ കഴിഞ്ഞുവെന്നും, അതിന്റെ ബലത്തില്‍ 100ല്‍ അധികം സീറ്റുകള്‍ നേടി വിജയം കൈവരിക്കാമെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്ലാറ്റ്ഫോമിന്റെ അടിത്തറ ഇനിയും കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഈ പ്രവചനം നടത്തിയതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ യാതൊരു ഭിന്നതയുമില്ലെന്നും, അത്തരത്തിലുള്ള വാര്‍ത്തകള്‍ ഇടതുപക്ഷം പ്രചരിപ്പിക്കുന്ന പ്രചാരണങ്ങളേയുള്ളുവെന്നും വി.ഡി. സതീശന് പറഞ്ഞു. കോണ്‍ഗ്രസ് നിരവധി കഴിവുറ്റ നേതാക്കളുള്ള ഒരു ദേശീയ പാര്‍ട്ടിയാണെന്നും, ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുക എന്നും അദ്ദേഹം വ്യക്തമാക്കി. അത്തരം തീരുമാനങ്ങളില്‍ ആര്‍ക്കും അസന്തോഷമോ പരിഭവമോ ഉണ്ടാകില്ലെന്നും സതീശന് പറഞ്ഞു.
മുമ്പ് യുഡിഎഫിനൊപ്പം ഇല്ലാതിരുന്ന നിരവധി പേര് ഇന്ന് പാര്‍ട്ടിയുടെ ഭാഗമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി ഇടതുപക്ഷ ഭരണം മാത്രമേ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കൂ എന്ന വിശ്വാസത്തിലിരുന്ന നൂറുകണക്കിന് ആളുകള്‍ ഇപ്പോള്‍ യുഡിഎഫിനൊപ്പം ചേര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിനെ ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് അവര്‍ ശക്തമായി ആഗ്രഹിക്കുന്നുവെന്നും, കാരണം ഇന്നത്തെ ഇടതുപക്ഷം തീവ്ര വലതുപക്ഷ സ്വഭാവം കൈവരിച്ചിരിക്കുകയാണെന്നും സതീശന് ആരോപിച്ചു. അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്നങ്ങള്‍ക്ക് യഥാര്‍ഥ പരിഹാരം നല്കുന്ന പാര്‍ട്ടി യുഡിഎഫും കോണ്‍ഗ്രസുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
