കൊച്ചി: എൻ.എസ്.എസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ തന്നെ അനുവദിച്ചില്ലെന്നും താൻ പെരുന്നയിൽ പോകുന്നത് ‘ഗേറ്റ്കീപ്പറെ’ കാണാനല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഡൽഹിയിൽ നടന്ന മന്നം അനുസ്മരണ പരിപാടിയിലായിരുന്നു ഗവർണറുടെ ഈ പരാമർശങ്ങൾ.
“ഗ്രാമപ്രദേശത്ത് ജനിച്ച് മലയാളം മീഡിയത്തിൽ പഠിച്ചു വളർന്ന ആളാണ് ഞാൻ. ദൈവാനുഗ്രഹം കൊണ്ട് ഐ.എ.എസ് ലഭിച്ചു. ഒരു ദിവസം പ്രധാനമന്ത്രി വിളിച്ച് പശ്ചിമബംഗാൾ ഗവർണറാക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. എന്നെ ആ സ്ഥാനത്ത് എത്തിച്ചത് എന്റെ കരയോഗമാണ്.കരയോഗത്തോടുള്ള ആദരവ് മനസ്സിൽ വെച്ചാണ് ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് മന്നത്താചാര്യന്റെ സമാധിയിൽ പുഷ്പാർച്ചന നടത്താൻ പെരുന്നയിലെത്തിയത്. ജനറൽ സെക്രട്ടറി വാതിൽ തുറന്ന് എന്നെ സ്വീകരിച്ചു, ചായ നൽകി സൽക്കരിച്ചു. ശേഷം കാറിൽ കയറ്റി തിരികെ അയക്കുകയും ചെയ്തു. എന്നാൽ പുഷ്പാർച്ചന നടത്തുന്ന കാര്യം മാത്രം പറഞ്ഞില്ല.
മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുക എന്നത് നായർ സമുദായ അംഗങ്ങളുടെ അവകാശമല്ലേ?” എന്ന് ആനന്ദബോസ് ചോദ്യമുയർത്തി. സമുദായ സ്മാരകങ്ങൾ വ്യക്തികളുടെ താൽപ്പര്യത്തിന് വിട്ടുനൽകരുതെന്ന സൂചനയും അദ്ദേഹം നൽകി.
ഡൽഹിയിൽ മന്നത്ത് പത്മനാഭന്റെ സ്മാരകം നിർമ്മിക്കണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ടുവെച്ചു. സ്മാരക നിർമ്മാണത്തിനായി തന്റെ ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകുമെന്നും ഗവർണർ പ്രഖ്യാപിച്ചു.
