തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് നഷ്ടപ്പെട്ടത് വീണ്ടെടുക്കാനാണെന്ന മുസ്ലിം ലീഗ് സംസ്ഥാന നേതാവ് കെ.എം. ഷാജിയുടെ പ്രസ്താവനക്കെതിരെ ശക്തമായ വിമർശനവുമായി കെ.ടി. ജലീൽ എംഎൽഎ രംഗത്തെത്തി. കഴിഞ്ഞ ഒമ്പതര വർഷത്തിനിടെ മുസ്ലിം സമുദായത്തിന് എന്താണ് നഷ്ടമായതെന്ന് ലീഗ് നേതൃത്വം കണക്കുകളോടെ വ്യക്തമാക്കണമെന്ന് ജലീൽ ആവശ്യപ്പെട്ടു.
ലീഗ് ഉൾപ്പെട്ട യുഡിഎഫ് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കേണ്ടതിന്റെ കാരണം ഷാജി പരസ്യമായി വ്യക്തമാക്കിയതാണെന്ന് ചൂണ്ടിക്കാട്ടിയ ജലീൽ, ആ കാലയളവിൽ മുസ്ലിം സമുദായത്തിന് ഉണ്ടായ നഷ്ടങ്ങൾ ഏതൊക്കെയാണെന്ന് തുറന്നുപറയാൻ ലീഗും ഷാജിയും തയ്യാറാകണമെന്നും പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിൽ മുസ്ലിം സമുദായത്തിന് അനീതി സംഭവിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജലീൽ വ്യക്തമാക്കി. 2025 അധ്യയന വർഷത്തിൽ മലപ്പുറത്ത് പത്താംക്ലാസ് വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കിയതും, നിലവിൽ ജില്ലയിലെ നിരവധി ഹയർ സെക്കൻഡറി സ്കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. 2015ൽ യുഡിഎഫ് അധികാരം വിട്ടപ്പോൾ മലപ്പുറത്ത് മാത്രം പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവരുടെ എണ്ണം 32,000 ആയിരുന്നുവെന്നും, ഈ വലിയ അന്തരം പത്ത് വർഷത്തിനുള്ളിൽ ഇടതുപക്ഷ സർക്കാരുകൾ പൂജ്യത്തിലേക്ക് കുറച്ചുവെന്നും ജലീൽ പറഞ്ഞു.
സാമൂഹിക സമാധാനം നിലനിർത്തുന്നതിലും എൽഡിഎഫ് സർക്കാർ പരാജയപ്പെട്ടിട്ടില്ലെന്നും ജലീൽ വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ ഒരു വർഗീയ കലാപം പോലും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മറിച്ച്, മാറാട് കലാപങ്ങൾ, നബിദിന ഘോഷയാത്രയ്ക്കിടെ ആലപ്പുഴയിൽ നടന്ന പൊലീസ് വെടിവെപ്പ്, സിറാജുന്നിസയുടെ കൊലപാതകം, ചാലയിലെ കലാപം എന്നിവയെല്ലാം ലീഗ് ഉൾപ്പെട്ട സർക്കാരുകളുടെ കാലത്തുണ്ടായ സംഭവങ്ങളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ക്ഷേമ പ്രവർത്തനങ്ങളിലൂടെയും മുസ്ലിം സമുദായത്തെ സർക്കാർ അവഗണിച്ചിട്ടില്ലെന്ന് ജലീൽ പറഞ്ഞു. ഹജ്ജ് ഹൗസ് നിർമ്മാണം, ക്ഷേമ പെൻഷൻ തുക 2000 രൂപയായി ഉയർത്തിയത്, ലക്ഷക്കണക്കിന് മുസ്ലിം ഗുണഭോക്താക്കൾ പെൻഷൻ പദ്ധതികളിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നിവയും അദ്ദേഹം ചൂണ്ടിക്കാട്ടി. മതത്തിന്റെ പേരിൽ ഒരു ആനുകൂല്യവും നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വഖഫ് ബോർഡ്, ഹജ്ജ് കമ്മിറ്റി, ഓർഫനേജ് ബോർഡ്, മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ സമുദായത്തിനകത്തെ വിവിധ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കിയതും, മുമ്പ് രജിസ്ട്രേഷൻ നിഷേധിക്കപ്പെട്ട സ്ഥാപനങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകിയതും ഇടതുപക്ഷ സർക്കാരിന്റെ നേട്ടങ്ങളാണെന്നും ജലീൽ പറഞ്ഞു.
മറ്റു സമുദായങ്ങളെ അപേക്ഷിച്ച് മുസ്ലിം സമുദായം പിന്നോക്കം പോയ ഒരു മേഖല പോലും ചൂണ്ടിക്കാണിക്കാനാകില്ലെന്ന് ജലീൽ പറഞ്ഞു. വിദ്യാഭ്യാസം, വ്യവസായം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളിൽ എല്ലാവർക്കും ഒരുപോലെ അവസരങ്ങൾ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ലീഗിലെ ചില നേതാക്കൾക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിനെ സമുദായത്തിന്റെ നഷ്ടമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും ജലീൽ വിമർശിച്ചു. സമുദായ വികാരം ഉണർത്തി രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങൾ അപകടകരമാണെന്നും, മതവും വർഗീയതയും ഒഴിവാക്കി രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കാൻ ലീഗ് നേതൃത്വം തയ്യാറാകണമെന്നും കെ.ടി. ജലീൽ ആവശ്യപ്പെട്ടു.
