തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും ഇനി മുതൽ കെ-ടെറ്റ് (KTET) യോഗ്യതയ്ക്ക് വിധേയമാകും. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പുറത്തിറങ്ങി.Government order makes K-TET mandatory for teacher recruitment
ഇതുവരെ എം.എഡ്, സെറ്റ്, നെറ്റ്, എംഫിൽ, പി.എച്ച്.ഡി തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് നൽകിയിരുന്ന ഇളവുകൾ പുതിയ ഉത്തരവിലൂടെ റദ്ദാക്കി. ഇതോടെ ഈ യോഗ്യതകൾ നേടിയവരും അധ്യാപക നിയമനത്തിന് അപേക്ഷിക്കണമെങ്കിൽ കെ-ടെറ്റ് യോഗ്യത നിർബന്ധമായി നേടണം. സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് അനിവാര്യമായിരിക്കും.
ഹൈസ്കൂൾ അധ്യാപകർക്ക് പ്രധാനാധ്യാപകരാകാനോ, ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് ബൈ-ട്രാൻസ്ഫർ നിയമനം ലഭിക്കാനോ ഇനി മുതൽ കെ-ടെറ്റ് കാറ്റഗറി III നിർബന്ധമാക്കി. എൽ.പി, യു.പി അധ്യാപക നിയമനങ്ങളിൽ കെ-ടെറ്റ് കാറ്റഗറി I അല്ലെങ്കിൽ II വിജയിച്ചവരെ പരിഗണിക്കുന്ന നിലവിലെ സംവിധാനം തുടരും. എന്നാൽ ഹൈസ്കൂൾ അധ്യാപക നിയമനങ്ങൾക്ക് കാറ്റഗറി III യോഗ്യത നിർബന്ധമായിരിക്കും.
അതേസമയം, കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ (CTET) വിജയിച്ചവർക്കുള്ള ഇളവ് തുടരും. 2025 സെപ്റ്റംബർ 1ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണ് സർക്കാർ ഈ തീരുമാനമെടുത്തത്.
