കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യ കരാർ ഒപ്പുവെച്ചിരുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. ഈ കേസിൽ ജയസൂര്യയെ ചോദ്യം ചെയ്യുന്നത് രണ്ടാം തവണയാണ്.Save Box app fraud; ED questions actor Jayasurya
സേവ് ബോക്സ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഓൺലൈൻ ലേല പ്ലാറ്റ്ഫോമിലൂടെ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി നേരത്തെ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. കുറഞ്ഞ വിലയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കമുള്ള ഉൽപ്പന്നങ്ങൾ ലേലത്തിലൂടെ സ്വന്തമാക്കാമെന്ന വാഗ്ദാനത്തോടെയാണ് ആപ്പ് അവതരിപ്പിച്ചത്. ലേലത്തിൽ പങ്കെടുക്കാൻ പണം നൽകി വാങ്ങേണ്ട വിർച്വൽ കോയിനുകളാണ് ഉപയോഗിച്ചിരുന്നത്.
അതേസമയം, സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെന്ന പരാതികളും ഉയർന്നു. 2023ൽ സേവ് ബോക്സ് നിക്ഷേപ തട്ടിപ്പ് കേസിൽ സ്ഥാപന ഉടമയും തൃശൂർ സ്വദേശിയുമായ സ്വാതിഖ് റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വൻതോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നതായുള്ള സംശയങ്ങൾ ശക്തമായത്.
സേവ് ബോക്സിന്റെ ലോഞ്ചിങ് ചടങ്ങുകളിലും പ്രമോഷൻ പരിപാടികളിലും നിരവധി സിനിമാ താരങ്ങൾ പങ്കെടുത്തത് വിവാദമായിരുന്നു. സിനിമാ താരങ്ങളുടെ മുഖം ഉപയോഗിച്ച് പൊതുജനങ്ങളിൽ വിശ്വാസ്യത സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബ്രാൻഡ് അംബാസിഡർമാരുടെയും പ്രമോഷൻ പ്രവർത്തനങ്ങളുടെയും പങ്ക് കണ്ടെത്തുന്നതിനായി അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചത്.
