തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ മുൻ അംഗമായ എൻ. വിജയകുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമലയിൽ നിന്നുള്ള സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം ഏൽപ്പിച്ചതിൽ വിജയകുമാറിന് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്ന കണ്ടെത്തലാണ് അന്വേഷണ സംഘത്തെ ഈ നടപടിയിലേക്ക് നയിച്ചത്.Sabarimala gold theft: Former Devaswom Board member N. Vijayakumar arrested
ബോർഡിന് കൂട്ടുത്തരവാദിത്തമുണ്ടെന്നായിരുന്നു കേസിലെ മുഖ്യപ്രതി എ. പത്മകുമാറിന്റെ മൊഴി. വിജയകുമാറിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താത്തതിനെതിരെ ഹൈക്കോടതി നേരത്തെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. എൻ. വിജയകുമാറും കെ. പി. ശങ്കർദാസും കൊല്ലം വിജിലൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നവരാണ്. എ. പത്മകുമാർ പ്രസിഡന്റായിരുന്ന കാലത്ത് ഇരുവരും ദേവസ്വം ബോർഡിലെ അംഗങ്ങളായിരുന്നു. ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന ഹൈക്കോടതി നിരീക്ഷണവും കേസിൽ നിർണായകമായി.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയും ഡി. മണിയും തമ്മിൽ ശബരിമലയിൽ നിന്നുള്ള ഉരുപ്പടികളുടെ ഇടപാട് നടന്നതായി ഒരു പ്രവാസി വ്യവസായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ശബരിമലയിൽ നിന്നുള്ള ഉരുപ്പടികൾ വിദേശത്തേക്ക് കടത്തിയിട്ടുണ്ടാകാമെന്ന ശക്തമായ സംശയവും അദ്ദേഹം അറിയിച്ചു. ഡി. മണിയെ നാളെ ചോദ്യം ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി).
ശബരിമലയിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നായിരുന്നു പ്രവാസി വ്യവസായി മുൻപ് അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഇവ ശബരിമലയിലേതു തന്നെയാണെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. തിരുവനന്തപുരത്തുവെച്ചാണ് ശബരിമലയിൽ നിന്നുള്ള ഉരുപ്പടികളുടെ ഇടപാട് നടന്നതെന്നും, ഇടപാടിനായി സംഘം ആദ്യം തന്നെ സമീപിച്ചെങ്കിലും താൻ അതിന് തയ്യാറായില്ലെന്നും വ്യവസായി അന്വേഷണ സംഘത്തോട് വ്യക്തമാക്കി. അതിനുശേഷമാണ് ഇടപാടുകൾ മറ്റ് ആളുകളിലേക്കു മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
