തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണ്ണായക വഴിത്തിരിവുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കേസിലെ മുഖ്യപ്രതി ഗോവർധന്റെ ഉടമസ്ഥതയിലുള്ള കർണാടകയിലെ ബെല്ലാരി ജില്ലയിലെ ‘റൊഡ്ഡം ജ്വല്ലറി’യിൽ എസ്ഐടി വീണ്ടും പരിശോധന നടത്തി. മുൻപ് നടത്തിയ റെയ്ഡിൽ ഇവിടെ നിന്നു സ്വർണം കണ്ടെത്തിയതിന്റെ തുടർച്ചയായാണ് സംഘം വീണ്ടും ബെല്ലാരിയിലെത്തിയത്.Sabarimala gold theft case; SIT team in Bellary
ഇതിനിടെ, കേസിലെ മറ്റൊരു പ്രധാന കണ്ണിയായ ഡി. മണിയെ കണ്ടെത്താൻ എസ്ഐടി ചെന്നൈയിൽ അന്വേഷണം തുടരുകയാണ്. ‘ഡി. മണി’ എന്നത് വ്യാജനാമമാണെന്നതാണ് പോലീസിന്റെ നിഗമനം. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ സ്വർണക്കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
അതേസമയം, അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ അംഗങ്ങളായ കെ.പി. ശങ്കർദാസും എൻ. വിജയകുമാറും കൊല്ലം വിജിലൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. എ. പത്മകുമാർ പ്രസിഡന്റായിരുന്ന കാലഘട്ടത്തിലെ ബോർഡ് അംഗങ്ങളായിരുന്നു ഇരുവരും. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയതടക്കമുള്ള വിഷയങ്ങളിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ അടുത്തകാലത്തെ നിരീക്ഷണം.
അന്വേഷണം ശങ്കർദാസിലേക്കും വിജയകുമാറിലേക്കും നീങ്ങാത്തതിൽ ഹൈക്കോടതി എസ്ഐടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ പത്മകുമാറും സമാനമായ മൊഴി നൽകിയതോടെയാണ് ഇരുവരും നിയമപരമായ സംരക്ഷണം തേടിയത്. സ്വർണക്കൊള്ളയിൽ ബോർഡ് അംഗങ്ങളുടെ കൂട്ടുത്തരവാദിത്തം തെളിയിക്കുന്ന രേഖകളും തെളിവുകളും ശേഖരിക്കുന്നതിലാണ് ഇപ്പോൾ പോലീസിന്റെ ശ്രദ്ധ.
