ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഔദ്യോഗികമായി പക്ഷിപ്പനി സ്ഥിരീകരിക്കുന്നതിന് മുൻപേ തന്നെ ചെറുതന ആയാപറമ്പ് പാണ്ടിയിൽ താറാവുകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ രോഗം സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) സ്ഥിരീകരിച്ചത്.Christmas market hit by bird flu in Alappuzha-Kottayam
പാണ്ടി പുത്തൻപറമ്പിൽ രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ 24 ദിവസം പ്രായമായ ഏകദേശം 15,000 താറാവ് കുഞ്ഞുങ്ങളാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ ചത്തത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് വളർത്തിയ താറാവുകൾ നശിച്ചതോടെ രാമചന്ദ്രൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുന്നു. പ്രതിരോധ വാക്സിൻ നൽകിയ താറാവുകളാണ് ചത്തൊടുങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രദേശത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവ് വളർത്തൽ മേഖലയിൽ ആശങ്ക വ്യാപകമായി. താറാവ് നഷ്ടപ്പെട്ട കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് ജി. ഹരിശങ്കറും സെക്രട്ടറി സി. ശ്രീകുമാർ ഉണ്ണിത്താനും ആവശ്യപ്പെട്ടു.
ആലപ്പുഴ ജില്ലയിൽ ചെറുതന, കരുവാറ്റ, കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലാണ് താറാവുകൾക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്. നെടുമുടിയിൽ കോഴികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, വേളൂർ വാർഡുകളിലാണ് രോഗം കണ്ടെത്തിയത്. ഇവിടെ കാടക്കും കോഴിക്കും പക്ഷിപ്പനി സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ക്രിസ്മസ് വിപണി മുന്നിൽ കണ്ടു പ്രതീക്ഷയോടെ കാത്തിരുന്ന കർഷകർ കടുത്ത നിരാശയിലാണ്.
മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ, രോഗബാധിതമായ പക്ഷികളെ കൈകാര്യം ചെയ്യുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഭോപ്പാലിലെ ലാബിൽ നിന്നുള്ള പരിശോധന റിപ്പോർട്ട് മൃഗസംരക്ഷണ വകുപ്പിന് ലഭിച്ചതിനെ തുടർന്ന് അടിയന്തര നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
പക്ഷിപ്പനി സാധാരണയായി പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് പകരുന്ന ഒരു വൈറസ് രോഗമാണ്. കോഴി, താറാവ്, കാട, ടർക്കി, അലങ്കാര പക്ഷികൾ എന്നിവയാണ് കൂടുതലായി ബാധിക്കപ്പെടുന്നത്. മനുഷ്യരിലേക്ക് രോഗം പകരുന്നത് അപൂർവമാണെങ്കിലും, രോഗബാധിതമായ പക്ഷികളുമായോ അവയുടെ കാഷ്ഠം, തൂവലുകൾ എന്നിവയുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്കാണ് കൂടുതലായി അപകടസാധ്യത.
1997-ൽ ഹോങ്കോങ്ങിലാണ് മനുഷ്യരിൽ ആദ്യമായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. H5N1, H7N9, H7N7, H9N2 തുടങ്ങിയ ഏവിയൻ ഇൻഫ്ലുവൻസ വൈറസുകൾ മനുഷ്യരിൽ രോഗമുണ്ടാക്കാൻ ശേഷിയുള്ളവയാണ്. എന്നാൽ കൊറോണയോ നിപ്പയോ പോലെ അതിവേഗത്തിൽ മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളിൽ ഒന്നല്ല പക്ഷിപ്പനി.
എന്നാൽ പക്ഷിപ്പനി വൈറസുകൾ മനുഷ്യരിലെ ഇൻഫ്ലുവൻസ വൈറസുകളുമായി ചേർന്ന് ജനിതക മാറ്റങ്ങൾ സംഭവിക്കുകയാണെങ്കിൽ, അത് കോവിഡ്-19 പോലുള്ള ഒരു ആഗോള മഹാമാരിയായി മാറാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
