തൃശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കെതിരെ രണ്ടാംപ്രതി മാർട്ടിൻ പങ്കുവെച്ച വീഡിയോ പ്രചരിപ്പിച്ച മൂന്ന് പേരെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളാണ് പിടിയിലായത്. കേസിന്റെ അന്വേഷണം നിലവിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. ഒരാൾ കൂടി പിടിയിലായെന്ന സൂചനയുണ്ടെങ്കിലും അറസ്റ്റിലായവരുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.Actress attack case: Three people arrested for circulating video
വീഡിയോ പ്രചരിച്ച നൂറിലധികം വെബ്സൈറ്റുകളിൽ നിന്ന് ഉള്ളടക്കം നീക്കം ചെയ്യാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നൂറിലധികം സോഷ്യൽ മീഡിയ പ്രൊഫൈലുകൾ കണ്ടെത്തിയതിൽ 27 പേർക്ക് നോട്ടീസ് നൽകിയിരുന്നു. Meta അടക്കമുള്ള സാമൂഹ്യമാധ്യമ കമ്പനികൾക്ക് പൊലീസ് നോട്ടീസ് അയച്ചതോടൊപ്പം, വീഡിയോ അപ്ലോഡ് ചെയ്തവർ അത് ഉടൻ ഡിലീറ്റ് ചെയ്യണമെന്നും നിർദേശിച്ചു.
അതിജീവിതയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ തുടർച്ചയായി നടക്കുന്ന അപവാദ പ്രചാരണത്തിനെതിരെ കർശന നടപടി തുടരാനാണ് സർക്കാരിന്റെ തീരുമാനം. അതിജീവിത മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അതിവേഗ ഇടപെടൽ.
വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ടാംപ്രതി മാർട്ടിൻ അടക്കമുള്ളവർക്ക് എതിരെ ഐടി ആക്ട് 67, 72, 75 വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ലൈംഗിക അധിക്ഷേപം, അപകീർത്തിപ്പെടുത്തൽ, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
