തിരുവനന്തപുരം: യുഡിഎഫിൽ ചേരുന്നില്ലെന്ന് വ്യക്തമാക്കി കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ. എൻഡിഎയിൽ ചില അതൃപ്തികൾ ഉണ്ടെങ്കിലും യുഡിഎഫിലേക്ക് ചേരാൻ താൻ അപേക്ഷ നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും, അത്തരം ചർച്ചകൾ നടന്നിട്ടുണ്ടെങ്കിൽ അതിന്റെ തെളിവുകൾ പുറത്തുവിടണമെന്നും ചന്ദ്രശേഖരൻ വെല്ലുവിളിച്ചു.Vishnupuram Chandrasekharan says he will not join UDF; will remain in NDA
സംഘപരിവാർ പശ്ചാത്തലമുള്ള വ്യക്തിയായ താൻ എൻഡിഎയുടെ വൈസ് ചെയർമാൻ എന്ന നിലയിൽ സജീവമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഘടകകക്ഷിയായ കാമരാജ് കോൺഗ്രസിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുണ്ടെങ്കിലും, അത് പരിവാർ സംഘടനകളുടെ ഇടപെടലിലൂടെ പരിഹരിക്കപ്പെടുമെന്നും പറഞ്ഞു. അപേക്ഷ നൽകിയെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് നേതാക്കളുമായി നല്ല ബന്ധമുണ്ടെന്ന് ചന്ദ്രശേഖരൻ വ്യക്തമാക്കി. എൻഡിഎയിൽ തൃപ്തിയില്ലെന്ന കാര്യം അവരോട് പറഞ്ഞിരുന്നുവെങ്കിലും, രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയതോടെ ആവശ്യമായ അംഗീകാരം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നാളെ തിരുവനന്തപുരത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്നും, എൻഡിഎ വിട്ടുപോകേണ്ട സാഹചര്യം നിലവിലില്ലെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി.
കൊച്ചിയിൽ ചേർന്ന യുഡിഎഫ് യോഗത്തിന് പിന്നാലെയാണ് വിഷ്ണുപുരം ചന്ദ്രശേഖരൻ യുഡിഎഫിൽ ചേരുമെന്ന വാർത്തകൾ പ്രചരിച്ചത്. യോഗത്തിൽ പി.വി. അൻവർ, സി.കെ. ജാനു എന്നിവരുടെ പാർട്ടികൾക്ക് അസോസിയേറ്റ് അംഗത്വം നൽകുന്നതിൽ ധാരണയായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നേരത്തേ ആരംഭിക്കാനും, സീറ്റ് വിഭജനം ജനുവരിയിൽ തന്നെ പൂർത്തിയാക്കാനുമാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നതെന്ന് നേതൃത്വം അറിയിച്ചു.
