എറണാകുളം: കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ഹൈക്കോടതിയിൽ തിരിച്ചടി. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കിഫ്ബി സിഇഒ കെ.എം. എബ്രഹാം എന്നിവർക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് നടപടികൾക്ക് സ്റ്റേ അനുവദിച്ചത്. ഇതിനുമുമ്പ് കിഫ്ബിക്കെതിരായ നോട്ടീസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.KIIFB Masala Bond Case: ED notice stays in High Court
മസാല ബോണ്ടുമായി ബന്ധപ്പെട്ട് സിംഗിൾ ബെഞ്ച് നൽകിയ സ്റ്റേ ഉത്തരവിനെതിരെ ഇഡി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു. അന്വേഷണം തുടരാൻ അനുമതി നൽകണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. മസാല ബോണ്ട് വഴി വിദേശത്തുനിന്ന് സമാഹരിച്ച തുക റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഉപയോഗിച്ചുവെന്നാരോപിച്ചാണ് ഇഡി റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയ്ക്കും മുൻ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബിക്കും മറുപടി ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
എന്നാൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കല്ല, സർക്കാരിന്റെ വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നതിനാണ് സമാഹരിച്ച തുകയിലെ 450 കോടിയിലധികം രൂപ ചെലവഴിച്ചതെന്ന് കിഫ്ബി ഹൈക്കോടതിയെ അറിയിച്ചു.
