എറണാകുളം:കേരളത്തിലെ ഏറ്റവും വലിയ വർഗീയവാദിയെന്ന രീതിയിൽ തന്നെ പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്റെ മനസ്സിൽ ഒരിക്കലും ജാതിചിന്ത ഉണ്ടായിട്ടില്ലെന്നും ജാതിവിവേചനം കണ്ടിടത്തോളം ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം വിരോധിയായി തന്നെ വേട്ടയാടാൻ മുസ്ലീം ലീഗ് ശ്രമിക്കുകയാണെന്നും, താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് വെള്ളാപ്പള്ളി ചോദിച്ചു.Vellappally Natesan says the League is trying to hunt down Muslims by making them anti-Muslim.
ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാരെന്നും, മണി പവറും മസിൽ പവറും പ്രയോഗിച്ചാണ് അവർ രാഷ്ട്രീയം നടത്തുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മുസ്ലീം ലീഗ് ‘മലപ്പുറം പാർട്ടിയാണെന്നും’ എല്ലാ വിഭവങ്ങളും മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണെന്നും വിമർശിച്ചു. ലീഗിനെ വിശ്വസിക്കാൻ കഴിയില്ലെന്നും, എസ്എൻഡിപി യോഗത്തെ തകർക്കാനും വിവിധ രീതിയിൽ സ്വാധീനിക്കാനുമാണ് അവർ ശ്രമിച്ചതെന്നും പറഞ്ഞു. ലീഗിന് പല മുഖങ്ങളുണ്ടെന്നും, മതസൗഹാർദ്ദം തകർക്കുകയും മതവിദ്വേഷം പടർത്തുകയും ചെയ്യുന്ന പാർട്ടിയാണ് ലീഗെന്നും അദ്ദേഹം ആരോപിച്ചു. എംഇഎസ് ഫസൽ ഗഫൂർ ഉൾപ്പെടെയുള്ളവർ തന്നെ അപമാനിക്കുന്നുവെന്നും, ആദ്യം ഇഡി നോട്ടീസിന് മറുപടി നൽകട്ടെയെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
മാധ്യമങ്ങളെ വിമർശിച്ച വെള്ളാപ്പള്ളി, ചില ചാനലുകൾ തന്നെ തളർത്താൻ മാധ്യമങ്ങളെ ഉപയോഗിക്കുന്നുവെന്നും തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്നും പറഞ്ഞു. നേരത്തെ അണ്ണനും തമ്പിയുമായി കണ്ടവർ, വിളിച്ചിടത്ത് ചെല്ലാത്തതിനെ തുടർന്ന് തന്നെ ശത്രുവായി കാണുന്നുവെന്നും ആരോപിച്ചു. കോൺഗ്രസ് ലീഗിന്റെ വാക്കുകൾക്ക് പിന്നാലെ ചാടുന്ന നിലയിലേക്കാണ് എത്തിയതെന്നും, ഏറെ ഇഷ്ടപ്പെട്ടിരുന്ന കെ. സുധാകരൻ പോലും തന്നെ വിമർശിച്ചതിൽ നിരാശയുണ്ടെന്നും പറഞ്ഞു. സുധാകരൻ തനിക്കെതിരെ പറയില്ലെന്ന് കരുതിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെയും വെള്ളാപ്പള്ളി വിമർശിച്ചു. അഹങ്കാരമാണ് ആര്യയ്ക്ക് വിനയായതെന്നും, പൊതുപ്രവർത്തനത്തിന് വേണ്ട ശൈലി അവർക്കില്ലായിരുന്നുവെന്നും, ജനങ്ങളോടുള്ള പെരുമാറ്റം മോശമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
