കൊച്ചി: ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. വലത് മെയിൻ ലാൻഡിംഗ് ഗിയറിലും ടയറുകളിലും തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്.Jeddah-Kozhikode Air India Express flight makes emergency landing in Kochi
അടിയന്തര ലാൻഡിങ് സമയത്ത് വലതുവശത്തെ രണ്ട് ടയറുകൾ പൊട്ടിയെങ്കിലും വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ സാധിച്ചതോടെ വൻ ദുരന്തം ഒഴിവായി. 160 യാത്രക്കാരുമായി എത്തിയ വിമാനം രാവിലെ 9.07നാണ് കൊച്ചിയിൽ ലാൻഡ് ചെയ്തത്. എമർജൻസി ലാൻഡിങ്ങിനായി എല്ലാ അടിയന്തര സേവനങ്ങളും മുൻകൂട്ടി സജ്ജമാക്കിയിരുന്നു.
യാത്രക്കാര്‍ക്കും ജീവനക്കാർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ലാൻഡിംഗിന് പിന്നാലെ നടത്തിയ പരിശോധനയിൽ വലതുവശത്തെ രണ്ട് ടയറുകളും പൂർണമായും പൊട്ടിത്തെറിച്ചതായി സിയാൽ അധികൃതർ സ്ഥിരീകരിച്ചു. നിലവിൽ റൺവേയിൽ പരിശോധന തുടരുകയാണ്.
