രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിൽ രണ്ടാം പ്രതിയായ ജോബി ജോസഫിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവനന്തപുരം സെഷൻസ് കോടതി ഡിസംബർ 20-ലേക്ക് മാറ്റി. ബലാത്സംഗ പരാതി നൽകിയ യുവതിക്ക് ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് ബെംഗളൂരുവിൽ നിന്ന് എത്തിച്ചു നൽകിയത് രാഹുലിന്റെ സുഹൃത്തായ ജോബിയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ, യുവതിയുടെ ആവശ്യപ്രകാരമാണ് മരുന്ന് എത്തിച്ചതെന്നും, അത് എന്തിനുള്ളതാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് ജോബി കോടതിയിൽ വാദിച്ചത്. നിലവിൽ ഒളിവിലുള്ള ബിസിനസുകാരനായ ജോബിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.Joby Joseph’s anticipatory bail application postponed to December 20
ഗർഭച്ഛിദ്രത്തിനായി കഴിച്ച മരുന്ന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കിയതായും അമിത രക്തസ്രാവത്തെ തുടർന്ന് ചികിത്സ തേടേണ്ടിവന്നതായും യുവതി മൊഴി നൽകിയിട്ടുണ്ട്. കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നെങ്കിലും ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. രാഹുലിനെതിരെ ഉയർന്ന രണ്ടാമത്തെ പീഡന പരാതിയിൽ കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.
