തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിൽ സർവകാല റെക്കോർഡ് നേട്ടവുമായി കെഎസ്ആർടിസി. ഒറ്റ ദിവസംകൊണ്ട് 10.77 കോടി രൂപയുടെ ടിക്കറ്റ് വരുമാനമാണ് കെഎസ്ആർടിസി സ്വന്തമാക്കിയത്. ടിക്കറ്റിതര വരുമാനമായി ലഭിച്ച 76 ലക്ഷം രൂപ കൂടി ഉൾപ്പെടെ 15 ഡിസംബർ 2025-ലെ ആകെ വരുമാനം 11.53 കോടി രൂപയായി. ശബരിമല സർവീസുകളിൽ നിന്നുള്ള വരുമാനവും ഇതിൽ ഉൾപ്പെടുന്നുവെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.KSRTC sets all-time ticket revenue record
കെഎസ്ആർടിസി സിഎംഡി ഡോ. പ്രമോജ് ശങ്കറിന്റെയും മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിതമായ പ്രവർത്തനമാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ ദിവസം (16.12.2024) 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. സമാന സാഹചര്യങ്ങൾ നിലനിന്നിട്ടും ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെയാണ് ഇത്തവണ റെക്കോർഡ് നേട്ടം കൈവരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്ത്രിയായി ചുമതലയേറ്റ ശേഷം നടപ്പാക്കിയ പരിഷ്കരണങ്ങളും മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും സ്വയംപര്യാപ്ത കെഎസ്ആർടിസി എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന് നിർണായകമായതായി ഗണേഷ് കുമാർ പറഞ്ഞു. പുതിയ ബസുകളുടെ വരവും സേവനങ്ങളിലെ ഗുണപരമായ മാറ്റങ്ങളും യാത്രക്കാരുടെ മികച്ച പ്രതികരണം നേടിയിട്ടുണ്ട്.
ചിട്ടയായ പ്രവർത്തനത്തിലൂടെ നിലവിൽ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും പ്രവർത്തന ലാഭത്തിലാണെന്നും, ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിറക്കാനായതും ഡിപ്പോകളിൽ ലക്ഷ്യബോധത്തോടെയുള്ള മത്സരാത്മക പ്രവർത്തനങ്ങളും വരുമാനം വർധിക്കാൻ സഹായിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ജീവനക്കാർക്കും വിശ്വാസത്തോടെ കെഎസ്ആർടിസിയെ പിന്തുണയ്ക്കുന്ന യാത്രക്കാർക്കും മന്ത്രി നന്ദി അറിയിച്ചു.
–
