കൊച്ചി:ശബരിമല സ്വർണക്കവർച്ച കേസിൽ കട്ടിളപ്പാളി സ്വർണം പൊതിഞ്ഞതാണെന്നതിന് രേഖകളുണ്ടോയെന്ന് ഹൈക്കോടതി ആവർത്തിച്ച് ചോദിച്ചു. ചെമ്പ് പൊതിഞ്ഞതാണെന്നാണ് ദേവസ്വം മുൻ കമ്മീഷണർ എൻ. വാസു ജാമ്യപേക്ഷയിൽ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ യഥാർത്ഥത്തിൽ സ്വർണ്ണപ്പാളികളായിരുന്നോ അവയെന്ന് കോടതി ചോദിച്ചു. കേസിലെ കുറ്റകൃത്യം നടന്നിട്ടുണ്ടോയെന്നത് വിചാരണ കോടതിയുടെ പരിധിയിലാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.Sabarimala gold theft case; High Court reiterates whether there are documents for gold plating of Kattilapally
എൻ. വാസുവിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്. ഹർജി വിധി പറയാൻ മാറ്റി. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യപേക്ഷയും വിധി പറയാൻ മാറ്റിയിട്ടുണ്ട്. അതേസമയം, ദേവസ്വം മുൻ പ്രസിഡൻ്റ് എ. പത്മകുമാറിന്റെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. ദ്വാരപാലക കേസിൽ പത്മകുമാർ ജാമ്യപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കട്ടിളപ്പാളി കേസിൽ അദ്ദേഹം നൽകിയ ജാമ്യപേക്ഷ കൊല്ലം വിജിലൻസ് കോടതി അടുത്തിടെ തള്ളിയിരുന്നു.
കേസിൽ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരി ബാബുവിന്റെയും തുടർ ചോദ്യംചെയ്യൽ നിർണായകമാണെന്ന് എസ്ഐടി അറിയിച്ചു. ദേവസ്വം ജീവനക്കാരുടെയും മുൻ ബോർഡ് അംഗങ്ങളുടെയും മറ്റ് സാക്ഷികളുടെയും മൊഴികളിലുള്ള വൈരുദ്ധ്യങ്ങൾ തീർക്കാനാണ് ചോദ്യംചെയ്യൽ. ഇതിലൂടെ പ്രധാന വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അന്വേഷണം അന്തിമഘട്ടത്തിലെത്തുമ്പോൾ മുൻ ദേവസ്വം പ്രസിഡൻ്റ് പി. എസ്. പ്രശാന്തിന്റെയും ഭരണസമിതി അംഗങ്ങളുടെയും മൊഴിയെടുക്കും.
ദ്വാരപാലക ശിൽപ്പങ്ങൾ പുറത്തേക്ക് കൊണ്ടുപോയി സ്വർണം പൂശാൻ അനുമതി തേടിയത് ദേവസ്വം പ്രസിഡൻ്റ് പ്രശാന്താണെന്ന തന്ത്രിയുടെ മൊഴിയും എസ്ഐടിക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള അന്വേഷണ പരിധിയിൽ ഏറ്റവും ഒടുവിലത്തെ ശിൽപ്പങ്ങൾ പുറത്തേക്ക് കൊണ്ടുപോയ സംഭവം ഉൾപ്പെടുന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
സ്വർണ്ണപ്പാളികൾ ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിൽ കൊണ്ടുപോയി സ്വർണം വേർതിരിച്ച് തട്ടിയെന്നാണ് എസ്ഐടി കണ്ടെത്തൽ. സ്ഥാപനത്തിന്റെ സിഇഒ പങ്കജ് ഭണ്ടാരിയെയും രണ്ട് ജീവനക്കാരെയും ചോദ്യം ചെയ്തിട്ടുണ്ട്; വീണ്ടും ചോദ്യം ചെയ്യും. സ്വർണം വാങ്ങി ബല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധന് നൽകിയ കൽപ്പേഷിനെയും വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.
ശബരിമലയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവരാൻ അന്വേഷണ സംഘം കാത്തിരിക്കുകയാണ്. നിലവിലുള്ള പാളികളുടെ കാലപ്പഴക്കം നിർണയിക്കാൻ പരിശോധനാ ഫലം നിർണായകമാണ്. ഇതിന് ശേഷം മാത്രമേ കൂടുതൽ നടപടികളിലേക്ക് കടക്കാനാകൂ. സ്വർണ്ണവും ചെമ്പും പൊതിഞ്ഞ പാളികൾ പുറത്തേക്ക് കൊണ്ടുപോയി അന്താരാഷ്ട്ര മാഫിയക്ക് വിറ്റുവെന്നതാണ് ആരോപണം.
അതേസമയം, സ്വർണക്കൊള്ളയ്ക്ക് പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിയ വ്യാപാരിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. കഴിഞ്ഞ ആഴ്ച മൊഴിയെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അത് മാറ്റിവെച്ചിരുന്നു.
