കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അയച്ച നോട്ടീസ് ഹൈക്കോടതി മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തു. മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ഇഡി അഡ്ജുഡിക്കേറ്റിങ് കമ്മിറ്റിയുടെ നോട്ടീസിനെതിരെ കിഫ്ബി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.High Court stays notice sent to KIIFB in masala bond case
മസാല ബോണ്ട് വഴി വിദേശത്ത് നിന്ന് സമാഹരിച്ച തുക റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കായി ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ റിപ്പോർട്ട്. ഇതിന്റെ തുടർനടപടിയായി മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബിക്കും മറുപടി ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു.
എന്നാൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കല്ല, സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്നതിനാണ് സമാഹരിച്ച തുകയിലെ 450 കോടി രൂപയ്ക്കുമേൽ ചെലവഴിച്ചതെന്നായിരുന്നു കിഫ്ബിയുടെ വാദം. ഇഡി ഉന്നയിച്ച 665 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടന്നെന്ന ആരോപണം കിഫ്ബി നിഷേധിച്ചു.
ഇഡി അയച്ച നോട്ടീസ് രാഷ്ട്രീയ പ്രേരിതമാണെന്നും, തെരഞ്ഞെടുപ്പ് അടുത്ത ഘട്ടങ്ങളിൽ നോട്ടീസ് അയക്കുന്നതിലൂടെ അനാവശ്യ സമ്മർദ്ദം സൃഷ്ടിക്കുകയാണെന്നും കിഫ്ബി ഹർജിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ നോട്ടീസ് താൽക്കാലികമായി സ്റ്റേ ചെയ്യുകയും കേസിൽ വിശദമായ വാദം കേൾക്കുകയും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കിഫ്ബിക്ക് അയച്ച നോട്ടീസ് മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തത്.
അതേസമയം മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രി തോമസ് ഐസക്കിനും അയച്ച നോട്ടീസുകൾ സ്റ്റേ ചെയ്തിട്ടില്ല.
