കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയുന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് ഹൈക്കോടതി. ബലാത്സംഗ കേസിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവ് തുടരാൻ കോടതി തീരുമാനിച്ചത്. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ഒന്നാമത്തെ കേസിലാണ് നിലവിൽ അറസ്റ്റ് തടഞ്ഞിരിക്കുന്നത്.Rahul Mangkootathil case: Interim order preventing arrest to continue
നേരത്തെ, രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ നിന്നു താൽക്കാലിക ആശ്വാസമാണ് രാഹുലിന് ലഭിച്ചിരിക്കുന്നത്.
അതേസമയം, രാഹുലിനെതിരായ രണ്ടാമത്തെ കേസിലെ അപ്പീൽ ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട രാഹുലിന്റെ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് തീരുമാനം അറിയിച്ചത്.
ഇതിനിടെ, രാഹുലിന് കർശന നിർദേശങ്ങളുമായി പ്രത്യേക അന്വേഷണ സംഘം രംഗത്തെത്തി. പത്തനംതിട്ട ജില്ലയിൽ തന്നെ തുടരണമെന്നും ജില്ല വിട്ടുപോകരുതെന്നും അന്വേഷണ സംഘം നിർദേശം നൽകി. ബലാത്സംഗ കേസുകളിൽ ഹൈക്കോടതി അന്തിമ തീരുമാനം കൈക്കൊണ്ടതിന് ശേഷമായിരിക്കും രാഹുലിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
രാഹുലിനെ ഇന്ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്നായിരുന്നു പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദേശം. എന്നാൽ സെഷൻസ് കോടതി ഉത്തരവ് പോലീസ് ചോദ്യം ചെയ്ത സാഹചര്യത്തിൽ ചോദ്യം ചെയ്യൽ താൽക്കാലികമായി മാറ്റിവെച്ചു.
ജില്ല വിട്ടുപോകരുതെന്ന നിർദേശം നിലനിൽക്കുന്നതിനിടെയാണ് അടൂർ മുണ്ടപ്പള്ളിയിൽ സ്കൂട്ടറിൽ ക്ഷേത്രദർശനത്തിന് പുറപ്പെട്ട രാഹുലിന് പിന്നാലെ പോലീസ് സംഘം പിന്തുടർന്നത്. ഇന്നലെയാണ് രാഹുൽ അടൂരിലെ വീട്ടിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് എറണാകുളത്ത് അഭിഭാഷകരെ കണ്ട ശേഷമാണ് അദ്ദേഹം വീട്ടിലെത്തിയത്.
ഇന്ന് രാവിലെ വീട്ടിൽ നിന്നു സ്കൂട്ടറിൽ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടതോടെ കാവലിലുണ്ടായിരുന്ന പോലീസ് സംഘം രാഹുലിന്റെ പിന്നാലെ പോയി. വീടിന് സമീപം ഷാഡോ പോലീസ് സംഘം നിയോഗിച്ചിട്ടുണ്ടെന്നും, രാഹുലിന്റെ യാത്രാ നീക്കങ്ങൾ നിരീക്ഷിക്കാനുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പിന്തുടർന്നതെന്നും അറിയിച്ചു. കുറച്ച് സമയം കഴിഞ്ഞ് രാഹുൽ വീട്ടിലേക്ക് തിരിച്ചെത്തി.
