ലൈംഗികാതിക്രമ കേസിൽ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യഹർജി കോടതി സ്വീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പൊലീസ് റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചു. വനിതാ ചലച്ചിത്ര പ്രവർത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.UDF candidate Vaishna Suresh wins back Muttada ward after 25 years
കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനുമായി ബന്ധപ്പെട്ട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ മാസം ആറിനാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സിനിമാ സെലക്ഷൻ കമ്മിറ്റിയിലെ അംഗമായിരുന്ന പരാതിക്കാരിയും മറ്റ് ജൂറി അംഗങ്ങളും തലസ്ഥാനത്തെ ഒരു ഹോട്ടലിലായിരുന്നു താമസം.
സ്ക്രീനിംഗിന് ശേഷം ഹോട്ടലിലേക്ക് മടങ്ങിയ സമയത്ത് പി.ടി. കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇത് മുഖ്യമന്ത്രി കന്റോൺമെന്റ് പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് പൊലീസിനോടും പരാതി ആവർത്തിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
