ന്യൂഡല്‍ഹി: മുനമ്പം ഹൈക്കോടതി വിധിക്കെതിരെ വഖഫ് സംരക്ഷണ വേദി നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചു. മുനമ്പം ഭൂമി വഖഫ് അല്ലെന്ന് ഹൈക്കോടതി രേഖപ്പെടുത്തിയ ഭാഗത്തേക്കാണ് സ്റ്റേ ബാധകമാക്കിയിരിക്കുന്നത്.Supreme Court stays High Court’s declaration that the 50th land is not waqf land
ജനുവരി 27 വരെ നിലവിലെ സ്ഥിതി തുടരണമെന്ന നിര്‍ദേശവും ബെഞ്ച് നല്കി. ജസ്റ്റിസ് മനോജ് മിശ്രയും ജസ്റ്റിസ് ഉജ്ജല്‍ ഭുയാനും അടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, മുനമ്പത്തെ 404.76 ഏക്കര്‍ വസ്തുവിന്റെ വ്യാപ്തിയും നിലവിലെ നിലയും പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ഏകാംഗ അന്വേഷണ കമ്മീഷനെതിരായ ഹൈക്കോടതി നിരീക്ഷണം സ്റ്റേ ചെയ്തിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്ന കാര്യമാണ് ഹൈക്കോടതി പരിഗണിച്ചിരുന്ന ഹര്‍ജിയില്‍ ഉള്‍പ്പെട്ട വിഷയമല്ലെന്നും, യഥാര്‍ത്ഥ പരിഗണനാ വിഷയത്തെ മറികടന്നാണ് ഹൈക്കോടതി വിധിയിലേക്കെത്തിയിരിക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഭൂമി വഖഫ് അല്ലെന്ന് ഹൈക്കോടതി രേഖപ്പെടുത്തിയ ഭാഗത്തേക്കാണ് സ്റ്റേ യഥാര്‍ഥത്തില്‍ ബാധകമെന്ന് കോടതി വ്യക്തമാക്കി.
തങ്ങള്‍ സാധാരണ പൊതു താത്പര്യ ഹര്ജിക്കാരല്ലെന്നും, ബന്ധപ്പെട്ട വഖഫ് ഭൂമിയില്‍ അവകാശമുള്ളവരാണെന്നും വഖഫ് സംരക്ഷണ വേദിയുടെ അഭിഭാഷകരായ ഹുഫേസ അഹമ്മദിയും അബ്ദുള്ള നസീഹും കോടതിയില്‍ വ്യക്തമാക്കി.
