ദില്ലി: ഇൻഡിഗോ പ്രതിസന്ധിയെ ആനുകൂല്യമായി കാണിച്ച് മറ്റു വിമാന കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി. സാധാരണ നിരക്കിന്റെ ഇരട്ടിയിലധികം കൊടുത്താലും ടിക്കറ്റ് ലഭിക്കാൻ പ്രയാസമാണ്. നാളെ ദില്ലി–ചെന്നൈ റൂട്ടിലെ എയർ ഇന്ത്യ വിമാന ടിക്കറ്റ് 65,000 രൂപയ്ക്ക് മുകളിലാണ്. മുംബൈ, പൂനെ, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെയും നിരക്കുകൾ കുതിച്ചുയർന്നിട്ടുണ്ട്. ദില്ലി–കൊച്ചി റൂട്ടിലെ ടിക്കറ്റുകൾ അരലക്ഷം രൂപയ്ക്കും സമീപമാണ്. നാളെയും ഞായറാഴ്ചയിലെയും നിരക്കുകളിലാണ് ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നത്.IndiGo crisis: Ticket prices have skyrocketed
ഇൻഡിഗോ സേവനങ്ങൾ കൂട്ടമായി റദ്ദാക്കിയതോടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാർ വലയുകയാണ്. ദില്ലിയിൽ ഇന്ന് ഉച്ചയ്ക്ക് 3 വരെ എല്ലാ ഇൻഡിഗോ സർവീസുകളും റദ്ദാക്കി. മുംബൈയിൽ പുറപ്പെടേണ്ടിയിരുന്ന 53 വിമാനങ്ങളും എത്തേണ്ട 51 സർവീസുകളും റദ്ദാക്കപ്പെട്ടു. ഛത്തീസ്ഗഡ്, ഗോവ, പട്ന, അഹമ്മദാബാദ് വിമാനത്താവളങ്ങളിലും പ്രതിസന്ധി തുടരുന്നു. ചെന്നൈയിൽ വൈകുന്നേരം 6 വരെ എല്ലാ ഇൻഡിഗോ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
ഇന്ന് മാത്രം ഏകദേശം 700 സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ക്രൂ ഡ്യൂട്ടി ടൈം നിയമം നടപ്പാക്കപ്പെട്ടതോടെ പൈലറ്റ് ക്ഷാമം ഗുരുതരമായിരിക്കുകയാണ്. ചട്ടം നടപ്പാക്കുന്നതിൽ ഇൻഡിഗോ കാട്ടിയ അലംഭാവമാണ് പ്രതിസന്ധി വഷളാക്കിയതെന്നതാണ് ആരോപണം. ഫെബ്രുവരി പത്തിന്റെ സമയത്തേ സേവനങ്ങൾ പൂർണ്ണമായി പുനഃസ്ഥാപിക്കാനാവൂ എന്ന് കമ്പനി വ്യക്തമാക്കുന്നു. ദില്ലിയിൽ ഇന്ന് മാത്രം 400-ലധികം ഇൻഡിഗോ സർവീസുകളും, മഹാരാഷ്ട്രയിൽ 32 സർവീസുകളും, ബെംഗളൂരുവിൽ 102 സർവീസുകളും, ചെന്നൈയിൽ 31 സർവീസുകളും റദ്ദാക്കി. ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 20 വിമാനങ്ങളും എത്തേണ്ട 11 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
