കൊച്ചി: പച്ചാളത്ത് റെയിൽവെ ട്രാക്കിൽ ആട്ടുകല്ല് വച്ച നിലയിൽ കണ്ടെത്തിയ സംഭവം ട്രെയിൻ അട്ടിമറി ശ്രമമായി പൊലീസ് കാണുന്നു. ഇന്ന് പുലർച്ചെ നാലരയോടെ മൈസുരു–തിരുവനന്തപുരം കൊച്ചുവേളി എക്സ്പ്രസ് കടന്നുപോയ ശേഷമാണ് ട്രാക്കിന്റെ മധ്യഭാഗത്ത് ആട്ടുകല്ല് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വലുപ്പം കൂടുതലല്ലാത്തതിനാൽ ട്രെയിൻ അതിനു മുകളിലൂടെ കടന്നുപോയെങ്കിലും, ഇത് ട്രാക്കിന്റെ വശത്ത് വെച്ചിരുന്നെങ്കിൽ വലിയ അപകടത്തിനിടയാകുമായിരുന്നു.Stone thrown on Pachalam track: Suspected sabotage attempt
ലോക്കോ പൈലറ്റ് വിവരം ഉടൻ റെയിൽവെ പോലീസിനെ അറിയിച്ചതോടെ അന്വേഷണം ആരംഭിച്ചു. ട്രാക്കിന്റെ നടുവിലേക്ക് ഭാരമുള്ള വസ്തു കൊണ്ടുവന്ന് വെച്ചതിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
നോർത്ത് റെയിൽവെ സ്റ്റേഷനു സമീപമുള്ള പച്ചാളം ഗേറ്റിനടുത്താണ് സംഭവം. ഇതോടൊപ്പം, സ്ഥലത്ത് ഒരു നായ ചിന്നിച്ചിതറിയ നിലയിൽ മരിച്ചുകിടക്കുന്നതും കണ്ടെത്തി. ട്രെയിൻ തട്ടിയാണോ നായ മരിച്ചതെന്ന കാര്യം ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നു. ട്രെയിൻ അട്ടിമറി ശ്രമമാണോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്.
