തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകി യുവതി. മുഖ്യമന്ത്രിയെ നേരിട്ട് സന്ദർശിച്ചാണ് അതിജീവിത പരാതി സമർപ്പിച്ചത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറാനാണ് തീരുമാനം. ഇതുവരെ രാഹുലിന്റെ പേരിൽ പോലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പരാതിക്കാരി സെക്രട്ടറിയേറ്റിൽ നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ കാര്യത്തിൽ വലിയ മാറ്റം വന്നിരിക്കുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു യുവതി എംഎൽഎയ്ക്കെതിരെ ഔദ്യോഗികമായി പരാതി നൽകിയത്. ഡിജിറ്റൽ തെളിവുകളും ഉൾപ്പെടുത്തി നൽകിയ പരാതിയെ തുടർന്ന് ഉടൻ തന്നെ രാഹുൽ മാങ്കൂട്ടത്തിന്മേൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് സാധ്യത.Survivor files complaint against MLA Rahul Mangkootathil directly to Chief Minister
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സജനും ഇന്ന് പരാതി സമർപ്പിച്ചു. എഐസിസിക്കും പ്രിയങ്കാ ഗാന്ധിക്കും നൽകിയ പരാതിയിൽ, വനിതാ നേതാക്കളെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നും, ഇരകളായ പെൺകുട്ടികളെ നേരിൽ കണ്ടു വിഷയം ഗൗരവത്തോടെ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. സ്ത്രീപക്ഷ നിലപാടുകളിൽ കോൺഗ്രസ് ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന സംശയം മാറാൻ നടപടികൾ വേണമെന്നും സജന പരാതിയിൽ വ്യക്തമാക്കി.
