തിരുവനന്തപുരം: വർക്കലയിൽ കേരള എക്സ്പ്രസ് ട്രെയിനിൽ നിന്ന് തള്ളിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന നന്ദിയോട് സ്വദേശിനി ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി കാണുന്നു. ഇപ്പോൾ വെന്റിലേറ്റർ സഹായം വേണ്ടാതെ ചികിത്സ തുടരുകയാണെന്നും സ്വന്തം ശ്വസനം സാധ്യമാകുന്ന നിലയിലായെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. എങ്കിലും ബോധം വീണ്ടെടുത്തിട്ടില്ല.Varkala train incident: Sreekutty’s health condition improving
പുകവലിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് പ്രകോപിതനായ പ്രതി സുരേഷ് കുമാർ നവംബർ 2-നാണ് വാതിലിനടുത്ത് നിന്നിരുന്ന ശ്രീക്കുട്ടിയെ കാൽകൊണ്ടിടിച്ച് പുറത്തേക്ക് തള്ളിയതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. കൂടെയുണ്ടായിരുന്ന അർച്ചനയെയും ഇയാൾ തള്ളാൻ ശ്രമിച്ചിരുന്നു. വധശ്രമം ഉൾപ്പെടെ ആറ് വകുപ്പുകളിലാണ് സുരേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതി ഇപ്പോൾ റിമാൻഡിലാണ്.
ബിഹാർ സ്വദേശിയായ യാത്രക്കാരൻ ശങ്കർ പാസ്വാൻ പ്രതിയെ കീഴ്പ്പെടുത്തി അർച്ചനയെ രക്ഷപ്പെടുത്തിയിരുന്നു. സംഭവത്തെ തുടർന്ന്, കഴിഞ്ഞ ദിവസം കേസിന്റെ പുനരാവിഷ്കാരം നടത്തുന്നതിനായി സുരേഷിനെ സ്ഥലത്തെത്തിച്ചിരുന്നു.
